മലയാളികളുടെ പിന്തുണതേടി കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി
കല്‍പ്പറ്റ: വയനാടുമായി അതിരുപങ്കിടുന്ന കുടകിനെ പരിസ്ഥിതി നാശത്തില്‍നിന്ന് രക്ഷിക്കുന്നതില്‍ മലയാളികളുടെ പിന്തുണതേടി കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി. പരിസ്ഥിതിക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്ന വികസന പദ്ധതികള്‍ക്കെതിരേ ആവിഷ്‌കരിച്ച 'പ്രൊട്ടക്ട് കുടക് ടു സേവ് കുടക് ' കാംപയിനില്‍ മലയാളി സമൂഹം കൈകോര്‍ക്കണമെന്ന് സൊസൈറ്റി ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ കുടകില്‍നിന്നുള്ള പ്രമുഖ മലയാളി രാഷ്ട്രീയ നേതാക്കളെ നേരില്‍ക്കണ്ട് സൊസൈറ്റി ഭാരവാഹികള്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കുടകിലെ ഗ്രാമപഞ്ചായത്ത് ഭരണസമിതികളില്‍ നിരവധി മലയാളികളുണ്ട്. കൂടാതെ കര്‍ണാടക ഭരണത്തില്‍ സ്വാധീനമുള്ള കുടക് മലയാളികളും ഏറെയാണ്.
ടൂറിസം, റോഡ് വികസനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളില്‍ ഇതിനകം അശാസ്ത്രീയമായി പ്രാവര്‍ത്തികമാക്കിയ പദ്ധതികള്‍ പ്രകൃതിസൗന്ദര്യത്തിനു പുകള്‍പ്പെറ്റ കുടകിന്റെ നൈസര്‍ഗിക ചൈതന്യം കെടുത്തിയെന്ന് സൊസൈറ്റി ചെയര്‍മാന്‍ കേണല്‍ മുത്തണ്ണ മടിക്കേരി പറഞ്ഞു. പരിസ്ഥിതി സൗഹൃദമല്ലാത്ത കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത് ജില്ലയില്‍ ജനജീവിതം ദുസഹമാക്കും വിധമുള്ള പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയില്‍ എട്ടു കോടി ജനങ്ങള്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യത്തിനു ആശ്രയിക്കുന്ന കാവേരി നദിയുടെ വൃഷ്ടിപ്രദേശമാണ് വനവും വയലേലകളും അര്‍ധ നിത്യഹരിതവനമായ കാപ്പിത്തോട്ടങ്ങളും ധാരാളമുള്ള കുടക്. തെന്നിന്ത്യയില്‍ 600ലേറെ പ്രമുഖ വ്യവസായങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ജലം ലഭ്യമാക്കുന്നതും കാവേരി നദിയില്‍ നിന്നാണ്. കൃഷ്ണരാജസാഗര്‍ അണക്കെട്ടിലെ വെള്ളത്തില്‍ 70 ശതമാനവും കുടകിന്റെ സംഭാവനയാണ്. അതിനാല്‍ കുടകിലെ പരിസ്ഥിതി സംരക്ഷണവും ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും സുപ്രധാനമാണെന്ന് സൊസൈറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
നഗരവല്‍ക്കരണത്തിന്റെ പിടിയിലാണ് കുടക്. ജില്ലയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 2800ഓളം ഏക്കര്‍ കാപ്പിത്തോട്ടവും വയലുമാണ് വാണിജ്യാവശ്യങ്ങള്‍ക്കായി തരംമാറ്റിയത്. നേരത്തേയുള്ള ടൗണുകള്‍ക്കിടയില്‍ റിസോര്‍ട്ടുകളും ബഹുനില വാസഗൃഹങ്ങളും ഷോപ്പിങ് കോംപ്ലക്‌സുകളും ഹോട്ടലുകളും ഉയരുകയാണ്. ഒരു പട്ടണം മറ്റൊരു പട്ടണവുമായി ചേരുന്ന അവസ്ഥയാണുള്ളത്. സമീപകാലത്ത് വന്‍തോതിലുള്ള വൃക്ഷനശീകരണമാണ് കുടകിലുണ്ടായത്. മൈസൂരു-കോഴിക്കോട് 400 കെ.വി വൈദ്യുതി ലൈന്‍ നിര്‍മാണത്തിനായി 54000 മരങ്ങള്‍ മുറിച്ചുമാറ്റി. കര്‍ക്കൈക്കെ ജലവൈദ്യുത പദ്ധതിക്കായും നൂറുകണക്കിനു വൃക്ഷങ്ങള്‍ നശിപ്പിച്ചു. ആസൂത്രണദശയിലുള്ള റെയില്‍വേ, റോഡ് പദ്ധതികളും കൊങ്കാന റിവര്‍ പ്രൊജക്ടും യാഥാര്‍ഥ്യമാകുന്നതും മരങ്ങളുടെ കൂട്ടക്കശാപ്പിനു കാരണമാകും. കുടകിലൂടെ രണ്ടു റെയില്‍ പദ്ധതികളാണ് നിലവില്‍ പരിഗണനയില്‍. മൈസൂരുവിനെ കുശാല്‍നഗറുമായി ബന്ധപ്പെടുത്തുന്നതാണ് ഇതിലൊന്ന്. മൈസൂരുവില്‍നിന്നു വീരാജ്‌പേട്ട വഴി കേരളത്തിലേക്കുള്ളതാണ് മറ്റൊന്ന്.
ശാപമായി അനിയന്ത്രിത ടൂറിസം
കല്‍പ്പറ്റ: അനിയന്ത്രിത ടൂറിസം കുടകിന്റെ ശാപമായി മാറിയതായി സൊസൈറ്റി ചെയര്‍മാന്‍ പറഞ്ഞു. അഞ്ചര ലക്ഷം ജനസംഖ്യയുള്ള കുടകില്‍ 13 ലക്ഷം ടൂറിസ്റ്റുകളാണ് കഴിഞ്ഞവര്‍ഷം എത്തിയത്. ജില്ലയില്‍ ടൂറിസം രംഗത്തുള്ള വന്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ യൂനിറ്റുകള്‍ തുറക്കാനുള്ള പുറപ്പാടിലാണ്.
റിസോര്‍ട്ടുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജലദുരുപയോഗം മുന്‍നിര്‍ത്തി പുതിയ യൂനിറ്റുകള്‍ക്ക് ടൂറിസം മന്ത്രാലയം അനുമതി നിഷേധിക്കേണ്ടതുണ്ട്. കുടകിലെ നദികളിലും അരുവികളിലും തുടരുന്ന മണല്‍ ഖനനത്തിനു തടയിടേണ്ട കാലം കഴിഞ്ഞു.
കുടകിന്റെ പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്ന പദ്ധതികള്‍ക്കായുള്ള വാദങ്ങളില്‍നിന്നു വിട്ടുനില്‍ക്കാന്‍ മലയാളി സമൂഹം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."