ബദിയടുക്കയിലെ റോഡുകള്‍ നന്നാക്കണം; സെക്രട്ടേറിയറ്റിന് മുന്നില്‍ 'കൂട്ടക്കരച്ചില്‍'
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരം പലരീതിയിലുള്ള സമരമുറകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉപവാസവും സത്യഗ്രഹവും നില്‍പ്പുസമരവും ആട്ടവും പാട്ടുമെല്ലാം ഭരണസിരാകേന്ദ്രത്തെ സമരപ്പുളകിതമാക്കിയവയില്‍പ്പെടും. വിവിധ ആവശ്യങ്ങളുന്നയിച്ച് വി.എസ്.ഡി.പിയുടെ നിലവിളി സമരവും അരങ്ങേറിയിട്ടുണ്ട്.
എന്നാല്‍ ഇതാദ്യമായാണ് നെഞ്ചത്തടിച്ച് കൂട്ടക്കരച്ചിലോടെയുള്ള സമരത്തിന് സെക്രട്ടേറിയറ്റ് പരിസരം വേദിയായത്. കാസര്‍കോട് ബദിയടുക്ക മലയോര മേഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ 'കരച്ചില്‍ സമരം' അരങ്ങേറിയത്.
സെക്രട്ടേറിയറ്റിന് മുന്നിലെ താല്‍ക്കാലിക സമരപ്പന്തലില്‍ കുത്തിയിരുന്നുള്ള കൂട്ടക്കരച്ചില്‍ സമരം ആരംഭിച്ചതോടെ സെക്രട്ടേറിയറ്റിലും മറ്റും വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരും നഗരവാസികളും വാഹന യാത്രക്കാരും കൗതുകത്തോടെ വീക്ഷിച്ചു.
സമരത്തില്‍ പങ്കെടുത്തവര്‍ നെഞ്ചത്തടിച്ച് അലമുറയിട്ടാണ് അവരുടെ ആവശ്യങ്ങള്‍ വിളിച്ചു പറഞ്ഞത്. കരച്ചില്‍ സമരം സിന്ദാബാദ്, കരയുന്ന കുഞ്ഞിനെ പാലുള്ളുവെന്ന നയം അവസാനിപ്പിക്കുക, ബദിയടുക്കയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, റോഡുകള്‍ക്ക് ഭരണാനുമതി നല്‍കുക എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു സമരം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ആശ്രയിക്കുന്ന ബദിയടുക്ക തുള്ളിയപ്പദവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നേരത്തെ ബദിയടുക്കയില്‍ 18 ദിവസം സമരം ചെയ്തിരുന്നു.
അധികാരികള്‍ കണ്ണുതുറക്കാത്തതിനെ തുടര്‍ന്നാണ് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് നടയില്‍ കൂട്ടക്കരച്ചില്‍ സമരവുമായി എത്തിയത്. കരയുന്ന കുഞ്ഞിനേ പാലുള്ളുവെന്ന നിലപാടു മാറ്റുന്നതിനായാണ് നൂതനമായ സമരം ആവിഷ്‌കരിച്ചതെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."