നെടുങ്കണ്ടം കസ്റ്റഡി മരണം ഡോക്ടര്‍മാര്‍ക്ക് ജുഡിഷ്യല്‍ കമ്മിഷന്റെ രൂക്ഷവിമര്‍ശനം
സ്വന്തം ലേഖിക
കൊച്ചി: നെടുങ്കണ്ടത്ത് പൊലിസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് അന്വേഷണ കമ്മിഷന്റെ രൂക്ഷവിമര്‍ശനം. ഡോക്ടര്‍മാരെ വിസ്തരിക്കുന്നതിനിടെ ജസ്റ്റിസ് നാരായണക്കുറുപ്പാണ് വിമര്‍ശിച്ചത്. രാജ്കുമാറിനെ ചികിത്സിച്ച പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോ. ശ്യാം, നെടുങ്കണ്ടം ആശുപത്രിയിലെ ഡോ. പദ്മദേവ് പി.എന്‍, കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ലിബിന് തോമസ് എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്.
പൊലിസും ഡോക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കമ്മിഷന് പറഞ്ഞു. രാജ്കുമാറിനെ ആശുപത്രിയില്‍ കൊണ്ടുവന്നത് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പീരുമേട് ആശുപത്രിയിലെ ഡോക്ടര്‍ കമ്മിഷന് മുന്‍പാകെ മൊഴിനല്‍കി. പൊലിസ് മര്‍ദനമേറ്റെന്ന് രാജ്കുമാര് പറയാതിരുന്നതിനാലും പുറത്തെ പരുക്ക് കാണാതിരുന്നതിനാലുമാണ് പൂര്‍ണതോതില്‍ പരിശോധിക്കാതിരുന്നതെന്നും ഡോക്ടര്‍ വിശദീകരിച്ചു.
എന്നാല്‍, കസ്റ്റഡിയിലുള്ള പ്രതി മര്‍ദനമേറ്റെന്ന് പറയുമോ എന്നായിരുന്നു കമ്മിഷന്റെ മറുചോദ്യം. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ പുറത്ത് വലിയ മുറിവുകളും ചതവും കണ്ടെത്തിയിരുന്നു. ഇത് പരിശോധനയില്‍ കണ്ടില്ലെന്ന് പറയുന്നത് ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നും കമ്മിഷന് നിരീക്ഷിച്ചു.
ഡോക്ടര്‍മാരും പൊലിസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ പൊലിസിന്റെ അടിമകളല്ലെന്നും കമ്മിഷന് പറഞ്ഞു. ഇന്ന് രാജ്കുമാറിനെ ആദ്യം പരിശോധിച്ച ഡോ. വിഷ്ണുവിന്റെ മൊഴിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."