രാത്രിയാത്രാ നിരോധനം; ഒടുവില്‍ നാറ്റ്പാക്ക് ശുപാര്‍ശയില്‍ പ്രതീക്ഷ
.
കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം സൃഷ്ടിക്കുന്ന ദുരിതപരിഹാരത്തിന് ഒടുവില്‍ നാറ്റ്പാക്ക് ശുപാര്‍ശയില്‍ പ്രതീക്ഷ. സുല്‍ത്താന്‍ ബത്തേരി- ചിക്കബര്‍ഗി- ബേഗൂര്‍ ബൈപാസ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമോ എന്നത് പരിശോധിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി കഴിഞ്ഞ ദിവസം തന്നെക്കാണാനെത്തിയ നിവേദക സംഘത്തോട് പറഞ്ഞത് ഏറെ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.
കോഴിക്കോട്- കൊല്ലേഗല്‍ ദേശീയപാതയില്‍ രാത്രിയാത്രാ നിരോധനത്തിനു പരിഹാര മാര്‍ഗം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 2014ല്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററി(നാറ്റ്പാക്ക്)നെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തി അഞ്ചു പരിഹാര മാര്‍ഗങ്ങള്‍ സമര്‍പ്പിച്ചു. 2014 മെയ് മാസത്തിലാണ് നിര്‍ദേശം സമര്‍പ്പിച്ചത്. ഇതില്‍ നിലവില്‍ ഏറ്റവും അനുയോജ്യമായ നിര്‍ദേശം സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍ നിന്നു തിരിഞ്ഞ് വള്ളുവാടി വഴി ചിക്കബര്‍ഗിയിലെത്തി ബേഗൂരിലെത്തുന്ന പാതയാണ്. ഇവിടെ ആകെ ഒന്‍പത് കിലോമീറ്റര്‍ മാത്രമാണ് വനം വരുന്നത്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. റിപ്പോര്‍ട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുറംലോകംപോലും കണ്ടിരുന്നില്ല. ഇതിനു ശേഷം പാത പൂര്‍ണമായും അടയ്ക്കപ്പെടുമെന്ന ഭീതി പരന്നതോടെ വയനാടന്‍ ജനത ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയിരുന്നു. ഈ സമയത്താണ് നാറ്റ്പാക്കിന്റെ ബദല്‍പാത വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയത്. എന്നാല്‍ ഇതൊന്നും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. ദേശീയപാത 766ല്‍ രാത്രിയാത്രാ നിരോധനം തുടരട്ടെയെന്നും പകരം കുട്ട- ഗോണിക്കുപ്പ വഴിയുള്ള പാത മതിയെന്നുമുള്ള നിലപാടില്‍ കേരള സര്‍ക്കാര്‍ എത്തിച്ചേരുകയും 2019 ഫെബ്രുവരി 18ന് നടന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സെക്രട്ടറിതല ചര്‍ച്ചയില്‍ ഇക്കാര്യം രേഖപ്പെടുത്തി സുപ്രിം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സുപ്രിംകോടതി 2019 ഓഗസ്റ്റ് ഏഴിലെ ഉത്തരവില്‍ തീരുമാനത്തിന് അംഗീകാരം നല്‍കിയതോടെ കുട്ട- ഗോണിക്കുപ്പ ബദല്‍പാതയ്ക്ക് തത്ത്വത്തില്‍ അംഗീകാരമായി. എന്നാല്‍ തീരുമാനം തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചില്ല. ബദല്‍പാത മാത്രമേ പരിഗണിക്കൂ എന്ന് സുപ്രിം കോടതി വ്യക്തമാക്കിയതോടെ നിലവിലെ ദേശീയപാതയില്‍നിന്നു വിദൂരത്തുള്ളതും കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു മൈസൂരുവിലേക്കു സൗകര്യപ്രദമായതുമായ വഴികളാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
അപ്പോഴും നാറ്റ്പാക്ക് പഠനം നടത്തി നിര്‍ദേശിച്ച സുല്‍ത്താന്‍ ബത്തേരി- ചിക്കബര്‍ഗി- ബേഗൂര്‍ ബൈപാസിനെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. ഇതോടെ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ദേശീയപാത സംരക്ഷണ കൗണ്‍സില്‍, നീലഗിരി- വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ പ്രതിനിധികള്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. സന്ദര്‍ശനത്തില്‍ അവര്‍ നാറ്റ്പാക്ക് നിര്‍ദേശിച്ച ബൈപ്പാസിനെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് പാതയെക്കുറിച്ച് പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയത്. ഇതോടെ ദേശീയപാതയിലെ രാത്രിയാത്രാ നിരോധന പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാര്‍.
നാറ്റ്പാക്കിന്റെ ബൈപ്പാസ് റോഡ്
നിലവില്‍ ഏറ്റവും അനുയോജ്യമായതാണ് നാറ്റ്പാക്കിന്റെ നിര്‍ദേശം. യാത്രാസൗകര്യം കൊണ്ടും വനത്തിനു കൂടുതല്‍ പോറലേല്‍ക്കാതെയും പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ പാതയാണിത്. ഈ പാത യാഥാര്‍ഥ്യമായാല്‍ മൈസൂരുവിലേക്ക് 20 കിലോമീറ്റര്‍ ദൂരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് നാറ്റ്പാക്കിന്റെ പഠനം പറയുന്നത്.
പാത വനവും എസ്റ്റേറ്റുകളുമടക്കം 19 കിലോമീറ്റര്‍ പരിധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ ഒന്‍പത് കിലോമീറ്റര്‍ മാത്രമാണ് വനത്തിലൂടെ പോകുക. ഇതില്‍ ആറു കിലോമീറ്റര്‍ ബന്ദിപ്പുര കടുവാ സങ്കേതവും മൂന്നു കിലോമീറ്റര്‍ വയനാട് വന്യജീവി സങ്കേതവുമാണ്.
ഇതു പ്രാവര്‍ത്തികമാക്കാന്‍ 38 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചാല്‍ മതിയാകും. ഇവിടെ 40 ഹെക്ടര്‍ വനഭൂമിയടക്കം 162 ഹെക്ടര്‍ ഭൂമിയേ ഏറ്റെടുക്കേണ്ടതായി വരൂ. 80 കോടി രൂപയ്ക്ക് പ്രവൃത്തി പൂര്‍ത്തിയാക്കാനും സാധിക്കും. അതേസമയം സുപ്രിം കോടതി നിര്‍ദേശിച്ച ബദല്‍പാതയായ കുട്ട- ഗോണിക്കുപ്പ- മൈസുരു റോഡ് ദേശീയപാതയായി വികസിപ്പിക്കാന്‍ ഏതാണ്ട് 177 കിലോമീറ്റര്‍ റോഡ് കൂടി നിര്‍മിക്കേണ്ടി വരും.
ഇതിനായി 112.5 ഹെക്ടര്‍ വനഭൂമിയടക്കം 796.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതായും വരും. 1800 കോടി രൂപയോളം ഇതിനു ചെലവും വരും. മാത്രമല്ല ഈ റോഡ് കടന്നുപോകുക വയനാട്ടിലെയും കുടകിലെയും പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വനത്തിലൂടെയുമാണ്. ഒപ്പം നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടതായും വരും.
എന്നാല്‍ നാറ്റ്പാക്കിന്റെ നിര്‍ദേശത്തിലുള്ള പാതയില്‍ കാര്യമായ കുടിയൊഴിപ്പിക്കല്‍ ആവശ്യമില്ല. ഇവിടെ പഴയ സുല്‍ത്താന്‍ ബത്തേരി- മൈസൂരു പാത നിലവിലുണ്ട്. നാലു മീറ്റര്‍ വീതിയുള്ള ഈ റോഡ് നിലവില്‍ വനം വകുപ്പിന്റെ ആവശ്യങ്ങള്‍ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളിടത്ത് മെച്ചപ്പെട്ട റോഡാണുള്ളത്. ഒപ്പം റോഡ് വീതി കൂട്ടാനാവശ്യമായ സ്ഥലവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."