മലിനമാക്കപ്പെട്ടത് ആരുടെ തലച്ചോര്‍?
കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ മകള്‍ക്കു നേരെ ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഭീഷണി എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. ഡല്‍ഹി ലേഡി ശ്രീരാം കോളജ് വിദ്യാര്‍ഥിനി കൂടിയായ ഗുര്‍മെഹര്‍ കൗറിനെ ആക്രമിക്കുമെന്ന പ്രതികരണങ്ങളില്‍നിന്നു ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും വരെ ഭീഷണിയുയര്‍ന്നിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പെരുമഴപോലെ വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ക്കു പിറകെ ആ വിദ്യാര്‍ഥിനിക്കെതിരേ കടുത്ത പ്രസ്താവനയുമായി ഒരു കേന്ദ്രമന്ത്രികൂടി രംഗത്തെത്തിയെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനു നാണക്കേടുണ്ടാക്കുന്ന സംഭവമായി.
എ.ബി.വി.പിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ച ഗുര്‍മെഹര്‍ കൗറിന്റെ മസ്തിഷ്‌കം ആരോ മലീമസമാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്. ആ വിദ്യാര്‍ഥിനിയെ ആക്രമിക്കുമെന്നും കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നുമെല്ലാം ആക്രോശിച്ചവര്‍ക്കെതിരേ ഒരക്ഷരം ഉരിയാടാതെയാണ്, രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇങ്ങനെയൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
ഗുല്‍മെഹറിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ക്കെല്ലാം ഭരണകൂടത്തിന്റെ മൗനാനുവാദമുണ്ടെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അപലപിക്കാനാവില്ല. സ്ത്രീകള്‍ക്കെതിരേ സ്വന്തംവീട്ടിലുള്ളവരില്‍ നിന്നുപോലും മോശമായ പെരുമാറ്റമുണ്ടായാല്‍ കടുത്തശിക്ഷ ഉറപ്പാക്കുന്ന നിയമം പാസാക്കിയ നാടാണിത്. അത്തരമൊരു നാട്ടിലാണ് ഒരു വിദ്യാര്‍ഥിസംഘടനയ്‌ക്കെതിരേ സമൂഹമാധ്യമത്തില്‍ നിലപാടു സ്വീകരിച്ച വിദ്യാര്‍ഥിനിയെ പരസ്യമായി അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഇതു വെറുമൊരു അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി തള്ളിക്കളയാനാകില്ല. അധികാരക്കസേരയിലിരിക്കുന്നവര്‍ക്കും അവരുടെ വൈതാളികര്‍ക്കുമെതിരേ മൗനം കൊണ്ടുപോലും പ്രതികരിക്കില്ലെന്ന കടുത്ത ഫാസിസ്റ്റ് ഭീഷണിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഗുര്‍മെഹര്‍ കൗറിന്റെ നിലപാടുകളെ ആശയംകൊണ്ടു നേരിടുന്നതിനു പകരം ഭീഷണിപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണു നടന്നിരിക്കുന്നത്.
എന്താണ് ഗുര്‍മെഹര്‍ ചെയ്ത പാതകം. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ രാംജാസ് കോളജില്‍ നടത്താന്‍ നിശ്ചയിച്ച സെമിനാര്‍ അലങ്കോലപ്പെടുത്തുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്ത എ.ബി.വി.പിക്കെതിരേ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ആ വിദ്യാര്‍ഥിനി പ്ലക്കാര്‍ഡില്‍ എഴുതിയ കുറിപ്പ് ഇതാണ്: 'ഞാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ്. ഞാന്‍ എ.ബി.വി.പിയെ ഭയക്കുന്നില്ല. ഞാന്‍ തനിച്ചല്ല. എല്ലാ വിദ്യാര്‍ഥികളും എന്നോടൊപ്പമുണ്ട്.'
ഈ പ്രതികരണത്തില്‍ സാമൂഹികവിരുദ്ധമായോ രാജ്യദ്രോഹപരമായോ എ.ബി.വി.പി വിരുദ്ധമായിപ്പോലുമോ എന്താണുള്ളത്. എ.ബി.വി.പിയെ ഭയക്കുന്നില്ല എന്നു മാത്രമാണ് ആ കുട്ടി പറഞ്ഞത്. എ.ബി.വി.പിയെ എല്ലാവരും ഭയക്കണമെന്നാണോ അതിന്റെ വക്താക്കളും സംഘ്പരിവാര്‍ ശക്തികളും ആവശ്യപ്പെടുന്നത്. അങ്ങനെ ഭയക്കാതെ ഇവിടെ ഒരാളെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നാണോ. അങ്ങനെയാണെങ്കില്‍ അത് ഇന്ത്യന്‍ ഭരണഘടനയിലെ മൗലികതത്വങ്ങള്‍ക്കു വിരുദ്ധമാണ്.
ഇന്ത്യയിലെ ഏതൊരു പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ജെ.എന്‍.യു വിലെ ഗവേഷണവിദ്യാര്‍ഥിയായ ഉമര്‍ ഖാലിദിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചതിന്റെ പേരില്‍ ബലം പ്രയോഗിച്ചു സെമിനാര്‍ തടയുകയും വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലേറു നടത്തുകയും ചെയ്ത എ.ബി.വി.പിയുടെ നടപടിയാണല്ലോ പ്രശ്‌നങ്ങള്‍ക്കു തുടക്കം. അഫ്‌സല്‍ ഗുരു ചരമദിനവുമായി ബന്ധപ്പെട്ടു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പരിപാടി സംഘടിപ്പിച്ചുവെന്നതിന്റെ പേരിലാണു കനയ്യകുമാറിനെയും ഉമര്‍ ഖാലിദിനെയും മറ്റും രാജ്യദ്രോഹക്കുറ്റം ചുമത്തി പിടികൂടിയിരുന്നത്.
അവര്‍ രാജ്യദ്രോഹക്കുറ്റം ചെയ്‌തോ ഇല്ലയോ എന്നു തെളിയിക്കപ്പെടേണ്ടതു നീതിപീഠത്തിലാണ്. അവര്‍ക്കെതിരേ തെളിവുകളുണ്ടെങ്കില്‍ അതു കോടതിയെ ബോധ്യപ്പെടുത്തി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള സ്വാതന്ത്ര്യം ഭരണകൂടത്തിനുണ്ട്. അതിനുപകരം കോടതിയുടെ ചുമതല ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ ബലംപ്രയോഗിച്ചു പിടിച്ചെടുക്കുന്നതു ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണ്.
ഉമര്‍ ഖാലിദ് പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കാനോ അതിനെ അപലപിക്കാനോ എ.ബി.വി.പിയുള്‍പ്പെടെയുള്ള സംഘടനകള്‍ക്കുള്ള സ്വാതന്ത്ര്യം ആരും തടയുന്നില്ല. എന്നാല്‍, തങ്ങളുടെ അനുവാദമില്ലാതെ ഇവിടെ ആരും മിണ്ടിപ്പോകരുതെന്നു പറയുന്നതു ഫാസിസമാണ്. അത്തരം നിലപാടുകള്‍ക്കെതിരേ പ്രതികരിക്കുന്നവര്‍ക്കുനേരെ വധഭീഷണിയും ബലാല്‍സംഗഭീഷണിയും ഉയര്‍ത്തുന്നതു ഫാസിസ ഭീകരതയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."