സുഹൃത്തിന്റെ വേദനയ്ക്ക് താങ്ങായി മുക്കത്തെ ഓട്ടോ തൊഴിലാളികള്‍
മുക്കം: ഇരുവൃക്കകളും തകരാറിലായ ഓട്ടോ തൊഴിലാളി ഒളകര അബ്ദുന്നാസറിന്റെ ചികിത്സയ്ക്കായിരുന്നു ഇന്നലെ മുക്കത്തെ ഓട്ടോ സുഹൃത്തുക്കള്‍ ഓടിക്കിതച്ചത്.
ഏറെക്കാലം തങ്ങള്‍ക്കൊപ്പം ഓട്ടോയുമായി ചുറ്റിക്കറങ്ങിയ പ്രിയസുഹൃത്തിനു ഇരുവൃക്കകളും മാറ്റിവയ്ക്കുന്നതിനായി 25 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു സുഹൃത്തുക്കളുടെ ഓട്ടോ സര്‍വിസ്.
നേരത്തെ ഓട്ടോയില്‍നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു നാസര്‍ ഡയാലിസ് ഉള്‍പ്പെടെയുള്ള ചികിത്സ ചെയ്തിരുന്നത്. എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ ജീവിതം വഴിമുട്ടുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് മുക്കം ബസ് സ്റ്റാന്‍ഡ്, ആലിന്‍ചുവട്, വില്ലേജ് ഓഫിസ് റോഡ് എന്നിവിടങ്ങളിലെ നൂറില്‍പരം ഓട്ടോറിക്ഷള്‍ നാസറിനായി സര്‍വിസ് നടത്തിയത്.
ഓട്ടോ തൊഴിലാളികളുടെ ഈ ഉദ്യമത്തിന് യാത്രക്കാരും അകമഴിഞ്ഞു സഹകരിച്ചു. ഓട്ടോ ചാര്‍ജിന് പുറമെ അധിക തുക നല്‍കിയാണ് നാട്ടുകാരും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. കഴിഞ്ഞ വര്‍ഷം സത്താര്‍ എന്ന വൃക്കരോഗിയുടെ ചികിത്സാ ധനസഹായത്തിനു മുക്കത്തെ ഓട്ടോ തൊഴിലാളികള്‍ ഒരു ദിവസത്തെ അധ്വാനം മാറ്റിവച്ച് മാതൃകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."