റമദാന്‍ മാസത്തിലെ വൈദ്യുതി മുടക്കം ദുരിതമാവുന്നു
സ്വന്തം ലേഖകന്‍
കാസര്‍കോട്: റമദാന്‍ മാസത്തിലെ നിരന്തരമായ വൈദ്യുതി മുടക്കം ദുരിതമാവുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ജില്ലയില്‍ വൈദ്യുതി മുടക്കം പതിവാകുന്നത്. ജനങ്ങളെയും വ്യാപാരികളെയും വൈദ്യുതി മുടക്കം ബാധിക്കുമ്പോള്‍ ശാശ്വതപരിഹാരം കാണാതെ ഇരുട്ടില്‍ തപ്പുകയാണ് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍.
റമദാനിലെ നോമ്പാചരിക്കുന്നവരെയും റമദാന്‍ വിപണി മുന്നില്‍ കണ്ട് വ്യാപാരം നടത്തുന്നവരെയുമാണ് വൈദ്യുതി മുടക്കം ബാധിച്ചിരിക്കുന്നത്. രാവിലെ നോമ്പ് വ്രതം ആരംഭിക്കുന്നതിന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ് പല ദിവസങ്ങളിലും. നോമ്പ് വ്രതം തുടങ്ങുന്നതിനുമുമ്പുള്ള ഭക്ഷണം ഒരുക്കുന്നതിനടക്കം വൈദ്യുതി മുടക്കം തടസ്സമായിരിക്കുകയാണ്. നോമ്പ് വ്രതം എടുത്തവര്‍ക്കു പകല്‍ വിശ്രമത്തിനും വൈദ്യുതി ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമാണെങ്കിലും ഇപ്പോഴും പകല്‍ സമയങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ച രാത്രി നാലു തവണയാണ് മണിക്കൂറുകളോളം കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി മുടങ്ങിയത്. രാത്രി സമയങ്ങളില്‍ മഴ പെയ്തുതുടങ്ങിയാലുടന്‍ വൈദ്യുതി നിലക്കുന്നത് ജില്ലയില്‍ പതിവാണ്. അമിത വോള്‍ട്ടേജ് കാരണം ബ്രേക്കര്‍ പോകുന്നതാണ് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ മറുപടിയെങ്കിലും പലപ്പോഴും വളരെ വൈകിയാണ് പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത്.
വൈദ്യുതിയുടെ ഒളിച്ചുകളി വ്യാപാരികളെയാണ് വല്ലാതെ ബാധിച്ചിരിക്കുന്നത്. പച്ചക്കറികളും ഇറച്ചിയും വിലകൂടിയ പഴ വര്‍ഗങ്ങളും ഫ്രീസറില്‍ നശിക്കുന്നത് നിത്യസംഭവമാണെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിമാന്റുണ്ടെങ്കിലും പഴ വര്‍ഗങ്ങളും പച്ചക്കറിയും വൈദ്യുതിയെ ഭയന്ന് എത്തിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.
വൈദ്യുതി മുടങ്ങുന്നുവെങ്കില്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."