വന്മതില്‍ കളമൊഴിഞ്ഞു
മലപ്പുറം: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ തോല്‍വിക്കു പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മലയാളി താരം അനസ് എടത്തൊടിക. യുവതലമുറയ്ക്ക് അവസരം ഒരുക്കാനാണ് വിരമിക്കുന്നതെന്ന് സമൂഹമാധ്യമത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച അനസ് വ്യക്തമാക്കി.
കാലിനേറ്റ ഗുരുതര പരുക്കാണ് പെട്ടെന്നുള്ള അനസിന്റെ വിരമിക്കലിന് കാരണമെന്നാണ് വിവരം. 2017 മാര്‍ച്ചില്‍ 30 ാം വയസില്‍ ആയിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. സെന്റര്‍ ബാക്ക് പൊസിഷനില്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ വിശ്വസ്തനായി ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്തി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുപ്പത്തൊന്നുകാരന്‍ ഐ.എസ്.എല്ലില്‍ നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ്. ഏഷ്യന്‍ കപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പരുക്കിനെ തുടര്‍ന്ന് രണ്ട് മിനുട്ടിനകം കളം വിടേണ്ടി വന്നു. 2007 ല്‍ മുംബൈ എഫ്.സിയിലൂടെയാണ് അനസ് ദേശീയ ഫുട്‌ബോളില്‍ കരിയര്‍ തുടങ്ങിയത്. 2011ല്‍ പൂനെ എഫ്.സിയുടെ ഭാഗമായി. 2013 ല്‍ ക്യാപ്റ്റനായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെ അനസ് വീണ്ടും താരമായി. ഐ.എസ്.എല്‍ നാലാം സീസണില്‍ ഇന്ത്യന്‍ പ്ലെയര്‍ ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരം അനസ് എടത്തൊടികയായിരുന്നു. 1.10 കോടി രൂപയ്ക്കാണ് അനസിനെ ഐ.എസ്.എല്ലിലെ പുതിയ ക്ലബ്ബായ ജംഷഡ്പുര്‍ എഫ്.സി കൊത്തിയെടുത്തത്. ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിലൂടെയാണ് കളത്തിലിറങ്ങിയത്. കേരളത്തിനും മഹാരാഷ്ട്രയ്ക്കുമായി സന്തോഷ് ട്രോഫി കളിച്ചു. ഐ ലീഗില്‍ മോഹന്‍ ബഗാനു കളിക്കവേ രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരം നേടി. ഇതുവരെ 19 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ബൂട്ടണിഞ്ഞു.
കൊണ്ടോട്ടി മുണ്ടമ്പലം എടത്തൊടിക പുതിയേടത്തുവീട്ടില്‍ മുഹമ്മദ് കുട്ടിയുടെയും ഖദീജയുടെയും മകനായ അനസ് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്, മഞ്ചേരി എന്‍.എസ്.എസ് കോളജ് ടീമുകളിലൂടെയാണ് കളിച്ചുവളര്‍ന്നത്.
വലിയ ഹൃദയഭാരത്തോടെയാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നുള്ള വിരമിക്കല്‍ താന്‍ പ്രഖ്യാപിക്കുന്നതെന്നും കൂടുതല്‍ മികച്ച പ്രകടനത്തിനു പ്രാപ്തിയുള്ള യുവാക്കള്‍ക്കായി വഴിമാറേണ്ട സമയമായി എന്നു കരുതുന്നതായും അനസ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ലഭിച്ച അവസരങ്ങളിലെല്ലാം കഴിവിന്റെ പരമാവധി ടീമിനായി പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അനസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."