വയനാട് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: അപരാജിതര്‍ സ്‌പൈസസ്, ഫ്രണ്ട് ലൈനും വിജയം
കല്‍പ്പറ്റ: ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഫ്രണ്ട് ലൈന്‍. പി.എല്‍.സി. പെരുങ്കോടയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അവര്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കിയത്. രണ്ടാം മത്സരത്തില്‍ സ്‌പൈസസ് മുട്ടില്‍ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് ജുവന്റസ് മേപ്പാടിയെ പരാജയപ്പെടുത്തി.
പതിഞ്ഞ താളത്തില്‍ തുടങ്ങിയ ഫ്രണ്ട് ലൈന്‍ പി.എല്‍.സി മത്സരം തുടങ്ങി അഞ്ച് മിനിറ്റില്‍ മുന്നേറ്റങ്ങളൊന്നും തന്നെ ഉണ്ടായില്ല. പതിയെ താളം കണ്ടെത്തിയ ഫ്രണ്ട് ലൈന്‍ ആറാം മിനിറ്റില്‍ തന്നെ വെടി പൊട്ടിച്ചു. ഫ്രണ്ട് ലൈനിന്റെ പ്രതിരോധ താരം ഹരിദാസന്‍ മൈതാന മധ്യത്തില്‍ നിന്ന് പി.എല്‍.സി പോസ്റ്റിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് പിടിച്ചെടുക്കുന്നതില്‍ ഗോള്‍കീപ്പര്‍ റിയാസ് പരാജയപ്പെട്ടു. റിയാസിന്റെ തലക്കു മുകളിലൂടെ താഴ്ന്നിറങ്ങിയ പന്ത് ബാറിലിടിച്ച് പോസ്റ്റില്‍ കയറി. തുടര്‍ന്നും മുന്നേറ്റങ്ങള്‍ കനപ്പിച്ച ഫ്രണ്ട് ലൈന്‍ താരങ്ങള്‍ പി.എല്‍.സി ഗോള്‍ മുഖം വിറപ്പിച്ച് കൊണ്ടിരുന്നു. 11-ാം മിനിറ്റില്‍ വീണ്ടും പെരുങ്കോടയുടെ വല കുലുങ്ങി. ഫ്രണ്ട് ലൈന്‍ താരം അഖിലിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
മധ്യനിരയില്‍ നിന്ന് പന്ത് കാലില്‍ കൊരുത്ത് മുന്നേറിയ അഖില്‍ എതിര്‍ താരത്തിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് അലക്‌സിന് കൈമാറി. മനോഹരമായ ഫിനിഷിങ്ങിലൂടെ ഗോള്‍ വര കടത്തി. തുടര്‍ന്നും പെരുങ്കോടയുടെ ഗോള്‍ മുഖം ഫ്രണ്ട് ലൈന്‍ താരങ്ങള്‍ വിറപ്പിച്ച് കൊണ്ടിരുന്നു. 17-ാം മിനിറ്റില്‍ അതിനും ഫലം കണ്ടു. ട്രോക്കോണ്‍ എതിരാളികളെ വെട്ടിയൊഴിഞ്ഞ് നല്‍കിയ ക്രോസിന് കാലുവെക്കേണ്ട ആവശ്യമെ അഖിലിന് വേണ്ടി വന്നുള്ളു. ഫ്രണ്ട് ലൈന്‍ ഇതോടെ മൂന്നു ഗോളുകള്‍ക്ക് മുന്നിലെത്തി. തിരിച്ചടിക്കാന്‍ പി.എല്‍.സി ശ്രമങ്ങള്‍ നടത്തിയെങ്കിലും അവര്‍ക്ക് ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. മികച്ച മുന്നേറ്റങ്ങള്‍ അവര്‍ നടത്തിയെങ്കിലും മുന്നേറ്റ താരങ്ങള്‍ മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. 23-ാം മിനിറ്റില്‍ ഫ്രണ്ട് ലൈന്‍ വീണ്ടും ഗോള്‍ നേടി. പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത സ്റ്റീഫനാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയിലേക്ക് പിരിയുമ്പോള്‍ നാലു ഗോളുകള്‍ക്ക് മുന്നിലായിരുന്നു ഫ്രണ്ട് ലൈന്‍. രണ്ടാം പകുതിയില്‍ പി.എല്‍.സി തോല്‍വി ഭാരം കുറക്കാനായി പൊരുതി. 30-ാം മിനിറ്റില്‍ പെരുങ്കോടക്കായി ഹാരി ഒരു ഗോള്‍ മടക്കി. ഇരുടീമുകളും വീണ്ടും മുന്നേറ്റം കനപ്പിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. 41-ാം മിനിറ്റില്‍ ഫ്രണ്ട് ലൈനിന് ലഭിച്ച പെനാല്‍ട്ടി ട്രോക്കോണ്‍ നഷ്ടപ്പെടുത്തി. പി.എല്‍.സി ഗോള്‍ കീപ്പര്‍ റിയാസ് മുഴുനീളന്‍ ഡൈവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. 43-ാം മിനിറ്റില്‍ കളി കയ്യാങ്കളിയിലേക്കും നീങ്ങി. ഫ്രണ്ട് ലൈന്‍ താരം അലക്‌സ എതിര്‍ താരത്തെ ഫൗള്‍ ചെയ്തതിന് റെഡ് കാര്‍ഡുമായി പുറത്തേക്ക് പോയി.
സ്‌പൈസസിനുവേണ്ടി മാഹിന്‍ പി ഹുസൈന്‍ രണ്ട് ഗോളും ടെക്കി ഒരു ഗോളും നേടി. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും വിജയികളായ സ്‌പൈസസ് അപരാജിതരായി ക്വാര്‍ട്ടര്‍ പ്രവേശനം ആഘോഷമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."