നീലഗിരിയില്‍ 'ചക്ക' പാരയാകുന്നു, പറിച്ചൊഴിവാക്കണമെന്ന് വനം വകുപ്പ്
ഗൂഡല്ലൂര്‍: നീലഗിരി ജില്ലക്കാര്‍ക്ക് ചക്ക പാരയാകുന്നു. ചക്കയുടെ രുചിയറിഞ്ഞ കാട്ടാനക്കൂട്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം തമ്പടിക്കുന്നതാണ് നാട്ടുകാര്‍ക്ക് വിനയാകുന്നത്. വേനല്‍ ശക്തമായി കാടു വരണ്ടുണങ്ങിയതോടെ കാട്ടാനക്കൂട്ടം കാടു കയറാന്‍ മടിക്കുകയാണ്.
ഇതോടെ പറമ്പിലെ പ്ലാവിലുള്ള ചക്കകള്‍ പൂര്‍ണമായും പറിച്ചൊഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് വനം വകുപ്പ്. കഴിഞ്ഞ വര്‍ഷവും ചക്ക പാകമാകുന്ന സീസണില്‍ ചക്ക നശിപ്പിക്കാന്‍ വനം വകുപ്പ് നിര്‍ദേശിച്ചിരുന്നു.
കാട്ടാനശല്യം രൂക്ഷമായ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലാണ് ചക്കക്ക് 'നിരോധനം' വരുന്നത്. നിലവില്‍ ചക്ക സീസണ്‍ ആരംഭിച്ചിരിക്കുകയാണ്.
ഇതോടെ കാട്ടാനകളും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. തുടര്‍ന്നാണ് വീടിന് സമീപവും മറ്റും വിളഞ്ഞിരിക്കുന്ന ചക്ക പറിച്ചൊഴിവാക്കാന്‍ വനം വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേരമ്പാടിക്കടുത്ത് തമ്പടിച്ച കാട്ടാനകള്‍ സ്വകാര്യതോട്ടത്തിലെ ചക്ക ഭക്ഷിക്കാനായി തോട്ടത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വേലി തകര്‍ത്തിരുന്നു. കൂടാതെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള നെല്ലാക്കോട്ട പഞ്ചായത്തിലെ പാക്കണയിലും കഴിഞ്ഞ ദിവസം കാട്ടാനയെത്തിയിരുന്നു.
രാത്രിയെത്തിയ കാട്ടാന പ്രദേശത്തെ ഒട്ടുമിക്ക വീട്ടുവളപ്പിലും നാശമുണ്ടാക്കിയതായും നാട്ടുകാര്‍ പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട പ്രദേശമാണിത്. വീടിന്റെ മുന്നില്‍ വച്ച് ബാപ്പുട്ടി എന്നയാളാണ് അന്ന് കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
എന്നാല്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകളെ വനപാലകരെത്തി വനത്തിലേക്ക് തുരത്തിയാലും ചക്കയുടെ രുചിയറിഞ്ഞ ആനകള്‍ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തുകയാണ്. കഴിഞ്ഞ വര്‍ഷം വാഴ കൃഷിക്കും വനം വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ആനയിറങ്ങി വാഴക്കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം തരാനാകില്ലെന്ന് പറഞ്ഞായിരുന്നു നിയന്ത്രണം. തുടര്‍ന്ന് ചെക്ക് പോസ്റ്റുകളില്‍ വാഴക്കന്ന് കൊണ്ടുപോകുന്നത് വനം വകുപ്പ് തടയുകയും ചെയ്തിരുന്നു. എന്നാല്‍ വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാതെ കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ ഉത്തരവിടുന്ന വനം വകുപ്പ് നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."