പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
വെട്ടത്തൂര്‍: പഞ്ചായത്തിലെ ആശ്രയപദ്ധതിയില്പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മൂന്നുമാസമായി ഭക്ഷണസാമഗ്രികളും മരുന്നുമടക്കമുള്ളവ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം വെട്ടത്തൂര്‍ ലോക്കല്‍ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ആശ്രയ പദ്ധതിയില്‍പ്പെട്ട 77 കുടുംബങ്ങളാണ് വെട്ടത്തൂരിലുള്ളത്. മുഴുവന്‍ പേരും കിടപ്പിലായ രോഗികളാണ്. ഇവര്‍ക്ക് ഭക്ഷണത്തിനുള്ള സാമഗ്രികള്‍, മരുന്ന്, ഭക്ഷണം, വീട് അറ്റകുറ്റപ്രവൃത്തി എന്നിവയാണ് പദ്ധതി പ്രകാരം നല്‍കേണ്ടത്. എന്നാല്‍, അധികൃതരുടെ അനാസ്ഥ കാരണം കഴിഞ്ഞ മൂന്നുമാസമായി ഇവ ലഭിക്കുന്നില്ല.
പദ്ധതി തുകയുടെ ചെക്ക് പഞ്ചായത്തില്‍ നിന്നും ഒപ്പിട്ടു നല്‍കാത്തതാണ് പ്രശ്നം. ചുമതലയുള്ള അസി.സെക്രട്ടറി നവംബറില്‍ സ്ഥലം മാറി പോയതോടെ ചെക്ക് ഒപ്പിട്ടു നല്കാന് ആളില്ലാതാവുകയായിരുന്നു. സാധാരണ ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപോകുമ്പോള്‍ വി.ഇ.ഒ, ഹെഡ്ക്ലര്‍ക്ക്, സൂപ്പര്‍ വൈസര്‍ എന്നിവര്‍ക്ക് ചുമതല നല്‍കണം. എന്നാല്‍ ഈ ഉദ്യോഗസ്ഥരും ഈ ചുമതല ഏറ്റെടുക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ചാണ് സെക്രട്ടറി എന്‍ വേലായുധനെ ഉപരോധിച്ചത്. ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മേലാറ്റൂര്‍ അഡീഷനല്‍ എസ്.ഐ കെ.പി.എ റഹ്മാന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഉടന്‍ നടപടികളെടുക്കുമെന്ന് സെക്രട്ടറി ഉറപ്പു നല്‍കിയതോടെ ഉപരോധം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."