സര്‍ക്കാര്‍ ചെലവില്‍ മതവിദ്വേഷം; കുടുംബശ്രീയുടെ ഫേസ്ബുക് പേജ് വിവാദത്തില്‍
മലപ്പുറം: സാമൂഹികനീതി വകുപ്പിനു കീഴിലുള്ള കുടുംബശ്രീയുടെ ജില്ലയിലെ ജെന്റര്‍ ഹെല്‍പ് ഡെസ്‌കിന്റെ ഫേസ്ബുക് പേജില്‍ മതവിദ്വേഷവും സ്ത്രീകളെ അവഹേളിക്കുന്നതുമായ പോസ്റ്റുകള്‍. സ്ത്രീകളുടെ വസ്ത്രധാരണത്തെയും അതിന്റെ ഇസ്‌ലാമിക കാഴ്ചപ്പാടിനേയും അവഹേളിച്ചാണ് സര്‍ക്കാര്‍ സംവിധാനം മുഖേന വിദ്വേഷ പ്രചാരണം നടത്തിയത്. ഇന്നലെയാണ് ഇതുസംബന്ധിച്ചു പോസ്റ്റ് ഫേസ്ബുക്കിലിട്ടത്.
പോസ്റ്റ് വിവാദമാകുകയും യൂത്ത്‌ലീഗ് നേതൃത്വത്തില്‍ മലപ്പുറം കുടുബശ്രീ ആസ്ഥാനത്ത് സമരം നടത്തുകയും ചെയ്തതോടെ സംസ്ഥാന കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിക്കുകയായിരുന്നു. ഹിജാബ് ധരിച്ച സ്ത്രീയുടെ ചിത്രത്തോടൊപ്പമാണ് സ്ത്രീകളെ അവഹേളിക്കുന്ന വിദ്വേഷ പോസ്റ്റ് പ്രസ്തീകരിച്ചത്. ഇതിനു മുന്‍പും പര്‍ദയെ കപട സദാചാരമെന്ന പേരില്‍ വിമര്‍ശിക്കുന്ന വിവാദ ലേഖനങ്ങളും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നതും ഈ പേജില്‍ പതിവാണ്. ഇന്നലെ ഇവരുടെ ഔദ്യോഗിക പോസ്റ്റോടുകൂടിയാണ് ആസൂത്രിത നീക്കത്തെക്കുറിച്ചു വ്യാപകമായ സംശയമുയര്‍ന്നത്.
ഇതോടെ ഉച്ചയ്ക്കു രണ്ടോടെ യൂത്ത്‌ലീഗ് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി കുടുംബശ്രീ ജില്ലാ ഓഫിസിലെത്തി. ജില്ലാ കോഡിനേറ്ററുമായി സംസാരിക്കുകയും പരാതി ബോധിപ്പിക്കുകയും ചെയ്‌തെങ്കിലും വിഷയം ഗൗരവമായി കാണാനും നടപടി സ്വീകരിക്കാനും തയാറാകാത്തതിനെ തുടര്‍ന്നു പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്നു പൊലിസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.
വ്യക്തമായ നടപടിയില്ലാതെ പിന്‍വാങ്ങില്ലെന്നു സമരക്കാര്‍ അറിയിച്ചു. തുടര്‍ന്നു സംസ്ഥാന കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ ഹരികൃഷ്ണന്‍ ഐ.എ.എസ് സമരത്തിനു നേതൃത്വം നല്‍കിയ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറയുമായി ഫോണില്‍ സംസാരിച്ചു. പോസ്റ്റ് ഉടന്‍ പിന്‍വലിക്കാമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്നും ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍, വനിതാ കമ്മിഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ഇന്നലെ കുടുംബശ്രീ മിഷന്‍ ഓഫിസില്‍ നടന്ന സമരത്തിന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍, മലപ്പുറം മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ബാവ വിസപ്പടി, നിഷാദ് കെ. സലീം,നിഷാജ് എടപ്പറ്റ, റിയാസ് പുല്‍പറ്റ, സാലിഹ് മാടമ്പി, എന്‍.പി അക്ബര്‍, ഇഖ്ബാല്‍ കാവനൂര്‍, ഫാരിസ് പൂക്കോട്ടൂര്‍, റിയാസ് പൊടിയാട്, സഹല്‍ ഇരുമ്പുഴി, സജീര്‍ കളപ്പാടന്‍, കബീര്‍ മുതുവല്ലൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."