താനൂരില്‍ വീണ്ടും അക്രമം; വീടുകള്‍ തകര്‍ത്തു
താനൂര്‍: താനൂരില്‍ വീണ്ടും വീടുകള്‍ക്കു നേരെ കല്ലേറും കവര്‍ച്ചയും. താനൂര്‍ എളരാം കടപ്പുറം, പണ്ഡാര കടപ്പുറം എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനാണ് സംഭവം. അന്‍പതോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്.
വടികളും വാളുകളുമായെത്തിയ സംഘം ഏഴോളം വീടുകള്‍ക്കു നേരെ കല്ലെറിയുകയും പട്ടിക ഉപയോഗിച്ച് ജനല്‍ചില്ലുകളും വാതിലുകളും തകര്‍ക്കുകയുമായിരുന്നു. കുഞ്ഞച്ചിന്റെ പുരക്കല്‍ ഖാലിദ്, കുഞ്ഞച്ചന്റെ പുരക്കല്‍ ഇബ്രാഹീം, വടക്കകത്ത് സാലിയ, കുഞ്ഞച്ചിന്റെ പുരക്കല്‍ സലാം, മമ്മാലകത്ത് മൊയ്തീന്‍കോയ, മാണ്ഡന്റെ പുരക്കല്‍ ഹുസൈന്‍, വടക്കകത്ത് ആലിയാമു എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ കുഞ്ഞച്ചിന്റെ പുരക്കല്‍ സാലമിന്റെ ഭാര്യ സാജിത (30), സമീര്‍ മോന്‍ (24), അഷ്‌കര്‍ ഹാജ്യാരകത്ത് (24), കുഞ്ഞിപ്പീടിന്റെ പുരക്കല്‍ യൂസുഫ് (20) എന്നിവര്‍ക്കു പരുക്കേറ്റു.
ഇവരെ താനൂര്‍, തിരൂരങ്ങാടി പ്രദേശങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്രമസമയം വീടുകളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്കിറങ്ങി ഓടിയതോടെ അക്രമികള്‍ വീട്ടിനകത്തുകയറി അലമരകള്‍ തുറന്നു മൂന്നു ലക്ഷത്തോളം രൂപ കൊള്ളയടിക്കുകയും ചെയ്തതായി ആരോപണമുണ്ട്. എല്‍.സി.ഡി, ഫ്രിഡ്ജ്, കസേര തുടങ്ങിയ വീട്ടുപകരണങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. അക്രമസമയത്തു താനൂര്‍ പൊലിസില്‍ വിവരം നല്‍കിയെങ്കിലും സംഭവം കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും പ്രദേശത്തു പൊലിസ് എത്തിയില്ലെന്നും ആക്ഷേപമുണ്ട്. അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നു മണ്ഡലം മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."