ഇരിട്ടി നഗരസഭ സമ്പൂര്‍ണ ക്യാരിബാഗ് നിരോധനം: പ്രഖ്യാപനം നാളെ
ഇരിട്ടി: പ്ലാസ്റ്റിക് ക്യാരിബാഗ് മുക്ത ഇരിട്ടി നഗരസഭ പ്രഖ്യാപനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് ഇരിട്ടി ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനു മുന്നോടിയായി വൈകുന്നേരം മൂന്നിന് ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസയില്‍ നിന്നു വിളംബര ജാഥ ആരംഭിക്കും. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ചട്ടം അനുസരിച്ച് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം ഇരിട്ടി നഗരസഭാ പ്രദേശത്ത് പ്ലാസ്റ്റിക് ക്യാരീ ബാഗുകള്‍, തെര്‍മോകോള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസുകള്‍, എച്ച്.എം കവറുകള്‍ എന്നിവയാണ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യവാരം മുതല്‍ കുടുംബശ്രീ, വാര്‍ഡു തല സാനിറ്റേഷന്‍ കമ്മറ്റി, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, സ്ഥാപന മേധാവികള്‍, വ്യാപാരി സംഘടനകള്‍, ലോഡ്ജ്, ആരാധനാലയങ്ങള്‍, പാചക തൊഴിലാളികള്‍, ആശുപത്രി, ഓഡിറ്റോറിയം, റസ്റ്റോറന്റ്, കൂള്‍ബാര്‍, പ്ലാസ്റ്റിക് മൊത്ത കച്ചവടക്കാര്‍, വഴിയോര കച്ചവടക്കാര്‍ മത്സ്യ വ്യാപാര കച്ചവടക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി, യുവജന സംഘടന, മത സമുദായിക സംഘടന എന്നിവരുടെ യോഗം വിവിധ സ്ഥലങ്ങളില്‍ വിളിച്ചു ചേര്‍ത്ത് വ്യാപക ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നതായി ചെയര്‍മാന്‍ പറഞ്ഞു. പ്ലാസ്റ്റിക് ക്യാരിബാഗിനു പകരം ഉപയോഗിക്കുന്ന പോളി പ്രൊപ്പിലിന്‍ ബാഗുകള്‍ പ്ലാസ്റ്റിക് ബാഗുകളേക്കാള്‍ ഉപദ്രവമാണെന്നും മാര്‍ച്ച് ഒന്നിന് ശേഷം ഇവ വില്‍പന നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കൗണ്‍സിലര്‍മരായ പി.വി മോഹനന്‍, റുബീന റഫീഖ്, കെ സരസ്വതി, ബല്‍ക്കീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉസ്മാന്‍, പി.കെ ശ്രീജിത്ത് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."