പാല്‍, മുട്ട ഉല്‍പ്പാദനം: കണ്ണൂര്‍ മണ്ഡലം പിന്നില്‍
കണ്ണൂര്‍: പാല്‍, കോഴി മുട്ട ഉല്‍പ്പാദനത്തില്‍ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയോജക മണ്ഡലം വളരെ പിന്നിലെന്ന് സര്‍വേ. കണ്ണൂര്‍ നിയോജക മണ്ഡലം വികസന സെമിനാറിന്റെ ഭാഗമായി നടത്തിയ സ്ഥിതിവിവര കണക്കിലാണ് പാല്‍, മുട്ട ഉല്‍പാദനത്തില്‍ കണ്ണൂരില്‍ വന്‍ കുറവുള്ളതായി കണ്ടെത്തിയത്.
മാംസോല്‍പാദന മേഖലയിലും ഏറെക്കുെറ ഇതേ അവസ്ഥ തന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ പ്രതിദിനം 45,425 ലിറ്റര്‍ പാല്‍ ആവശ്യമുണ്ട്. ഹോട്ടലുകളിലേക്കും വീടുകളിലേക്കും ആവശ്യമുള്ള പാലിന്റെ നാലിനൊന്നു പോലും കണ്ണൂര്‍ നിയോജക മണ്ഡലത്തിനകത്ത് ഉല്‍പ്പാദിപ്പിക്കുന്നില്ല. എട്ടു ക്ഷീര സഹകരണ സംഘങ്ങളുള്ള കണ്ണൂര്‍ നിയോജക മണ്ഡലം പരിധിയില്‍ 1200 കറവപ്പശുക്കളാണുള്ളത്.
ദിനംപ്രതി ഉല്‍പാദിപ്പിക്കുന്നത് 8,200 ലിറ്റര്‍ പാലാണ്. ഇതേത്തുടര്‍ന്ന് കണ്ണൂര്‍ മണ്ഡലത്തിന്റെ അവസ്ഥ മാറ്റിയെടുക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അധികമായി ആവശ്യമുള്ള 37,225 ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിച്ച് കണ്ണൂര്‍ മണ്ഡലത്തെ പാല്‍ സ്വയംപര്യപ്തതയിലേക്ക് നയിക്കുന്നതിനുള്ള ആലോചനയിലാണ് കണ്ണൂരിലെ മൃഗസംരക്ഷണ വകുപ്പ്. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ ആകെയുള്ള മുട്ടക്കോഴികളുടെ എണ്ണം 19,435 ആണ്. ദിനംപ്രതി 17,000 മുട്ടകള്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ലക്ഷം കോഴിമുട്ടകള്‍ ആവശ്യമുണ്ട്.
86000 ത്തോളം കോഴിമുട്ടകള്‍ അധികമായി ഉല്‍പ്പാദിപ്പിച്ചാലും കണ്ണൂരില്‍ ആവശ്യക്കാര്‍ ഉണ്ടെന്നതാണ് അവസ്ഥ. 32 കോഴിഫാമുകളും ചെറുകിട കോഴി വളര്‍ത്തു കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മുട്ട ഉല്‍പാദന കേന്ദ്രങ്ങളില്ല. 11 മൃഗ സംരക്ഷണ സ്ഥാപനങ്ങള്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പാല്‍ ഉല്‍പ്പാദനത്തില്‍ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ പാല്‍, മുട്ട, മാംസ ഉല്‍പ്പന്നത്തില്‍ വളരെ പിന്നിലാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തീറ്റപ്പുല്ലിന്റെയും കാലിത്തീറ്റയുടെയും വിലകയറ്റവും പശുവളര്‍ത്തലില്‍ പ്രശ്‌നമാകുന്നുണ്ടെന്ന് സര്‍വേയില്‍ കണ്ടെത്തി. കന്നുകാലി വളര്‍ത്തലിനുള്ള ധനസഹായത്തിന്റെ അപര്യാപ്തത, മുട്ടയുടെ ഉല്‍പ്പാദന മേഖലയിലുണ്ടായ മാന്ദ്യം എന്നിവയും ഈ മേഖലയെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."