രോഗികളെ നട്ടംതിരിച്ചു താലൂക്ക് ആശുപത്രി അധികൃതര്‍
നീലേശ്വരം: പേരോല്‍ വള്ളിക്കുന്നിലെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ഉച്ചയ്ക്കു ശേഷമെത്തുന്ന രോഗികളെ അധികൃതരുടെ തലതിരിഞ്ഞ നയം വലയ്ക്കുന്നതായി പരാതി. ഇവര്‍ക്കു അന്നു കഴിക്കാനുള്ള മരുന്നു മാത്രമാണു നല്‍കുന്നതെന്നാണു പരാതി. പിറ്റേ ദിവസം രാവിലെ മുതലുള്ള ഡോസുകള്‍ രാവിലെ വീണ്ടും ആശുപത്രി ഫാര്‍മസിയിലെത്തി മരുന്നു വാങ്ങേണ്ട സ്ഥിതിയാണുള്ളത്. കാഷ്വാലിറ്റി സംവിധാനം നിലവില്‍ വന്ന ശേഷം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഡോക്ടറുടെ സേവനമുണ്ടെങ്കിലും പാരാ മെഡിക്കല്‍ ജീവനക്കാരെ നിയമിക്കാത്തതാണു വിനയാകുന്നത്. ഇതു മൂലം ആശുപത്രിയിലെ ഫാര്‍മസി ഉച്ച വരെ മാത്രമാണു പ്രവര്‍ത്തിക്കുന്നത്. ഉച്ചയ്ക്കു ശേഷം വരുന്ന രോഗികള്‍ ഡോക്ടറുടെ പരിശോധന കഴിഞ്ഞു കുറിപ്പടിയുമായി പോയാല്‍ വാര്‍ഡില്‍ നിന്നു അന്നത്തേക്കുള്ള ഡോസ് മരുന്നു നല്‍കും.
വാര്‍ഡിലെ സ്റ്റാഫ് നഴ്‌സിനു ഒരു പ്രതിദിന ഡോസ് നല്‍കാനേ അനുമതിയുള്ളൂ. നീലേശ്വരം നഗരസഭയ്ക്കു പുറമെ മലയോരത്തേതുള്‍പ്പെടെ സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളും പരിശോധനയ്‌ക്കെത്തുന്ന ആശുപത്രിയാണ് ഇത്.
മലയോര പഞ്ചായത്തുകളില്‍ നിന്ന് ഉച്ചയ്ക്കു ശേഷം പരിശോധനയ്‌ക്കെത്തുന്ന രോഗി തുടര്‍ന്നു കഴിക്കേണ്ട മരുന്നുകള്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടി പിറ്റേദിവസം വീണ്ടും ആശുപത്രിയില്‍ എത്തേണ്ട സ്ഥിതിയാണുള്ളത്.
അതും ഫാര്‍മസി പ്രവര്‍ത്തിക്കുന്ന രാവിലെ എട്ടു മുതല്‍ ഉച്ച വരെയുള്ള സമയത്തു തന്നെ എത്തുകയും വേണം. ഈ ദുരിതം ഒഴിവാക്കാന്‍ പലരും സ്വകാര്യ മേഖലയെ ആശ്രയിക്കുകയാണ്. നീലേശ്വരം നഗരസഭയുടെ കീഴിലാണ് ആശുപത്രി. ഡോക്ടറുടെ പരിശോധന തീരുന്ന രാത്രി എട്ടു വരെ ഫാര്‍മസിയും പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."