മലയോര മഹോത്സവത്തില്‍ വേറിട്ട കാഴ്ചകളൊരുക്കി നിയമസഭാ മ്യൂസിയം പ്രദര്‍ശനം
കോഴിക്കോട്: ജനാധിപത്യ കേരളത്തിന്റെ പൈതൃകസ്മൃതികളുടെ അപൂര്‍വ കലവറയുമായി മലയോര മഹോത്സവത്തിന്റെ പ്രദര്‍ശനങ്ങളില്‍ വേറിട്ട കാഴ്ചകളൊരുക്കി നിയമസഭാ മ്യൂസിയത്തിന്റെ പ്രദര്‍ശനം. കേരളപ്പിറവിക്ക് മുന്‍പും ശേഷവുമുള്ള വിവിധ നിയമനിര്‍മാണ സഭകളെക്കുറിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചും ജനപ്രതിനിധികളെയും ജനനായകരെയും കുറിച്ചുമുള്ള വിലപ്പെട്ട രേഖകളും വസ്തുക്കളും ചിത്രങ്ങളുമാണു പ്രദര്‍ശനത്തിലുള്ളത്.
സഞ്ചരിക്കുന്ന മ്യൂസിയത്തിന്റെ ഭാഗമായാണു മുക്കത്തെ മലയോര മഹോത്സവ പ്രദര്‍ശന നഗരിയിലേക്ക് മ്യൂസിയം മുഴുവന്‍ സന്നാഹങ്ങളുമായെത്തിയത്. ശനിയാഴ്ച വരെ പ്രദര്‍ശനം നടക്കും. വിജ്ഞാനപ്രദമായ കാഴ്ചകളാണ് മ്യൂസിയത്തിലുള്ളത്. ജനാധിപത്യം രൂപപ്പെട്ടു വന്ന വഴികളറിയാനും വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് സഞ്ചരിക്കുന്ന മ്യൂസിയം ജില്ലാതല പരിപാടികളിലെത്തുന്നത്.
ജനാധിപത്യത്തിന്റെ പരിണാമദശകളിലെ വിവിധഘട്ടങ്ങള്‍, തിരുവിതാംകൂര്‍, തിരുകൊച്ചി തുടങ്ങിയ നിയമനിര്‍മാണ സഭകളിലെ അധ്യക്ഷര്‍, മുഖ്യമന്ത്രിമാര്‍, സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ സംവിധാനങ്ങളുള്ള മ്യൂസിയവും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."