പൂക്കാന്‍ മടിച്ച് മാവുകള്‍, പ്രതീക്ഷ കൈവിടാതെ കര്‍ഷകര്‍
കക്കട്ടില്‍: വീണ്ടുമൊരു മാമ്പഴക്കാലത്തേക്ക് നടന്നടുക്കുമ്പോള്‍ മാമ്പൂമണം എവിടെയും പരക്കുന്നില്ല. വിരളമായി പൂക്കുന്ന മാവുകള്‍ മാമ്പഴക്കാലത്തെ ഓര്‍മകളിലേക്ക് തള്ളിവിടാതിരിക്കട്ടെ. കഴിഞ്ഞവര്‍ഷം നാട്ടിന്‍പുറങ്ങളിലെ ഒട്ടുമിക്ക മാവുകളും പൂത്തിരുന്നുവെങ്കില്‍ ഇത്തവണ അതു കുറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മാവു പൂക്കുന്നത് കുറവാണെങ്കിലും പ്രതീക്ഷയുടെ അരികുപറ്റി ആഗ്രഹങ്ങളോടെ കാത്തിരിക്കുകയാണു കര്‍ഷകര്‍.
കാലാവസ്ഥാ വ്യതിയാനമാണ് പ്രധാനമായും മാവുപൂക്കല്‍ കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞവര്‍ഷം ഏറെക്കുറെ മാവുകളും പൂത്തതാണ് ഇത്തവണ കുറയാന്‍ കാരണമായി ചിലര്‍ പറയുന്നത്. ഒളോര്‍ വിഭാഗത്തില്‍പെട്ടവ ഒന്നിടവിട്ട വര്‍ഷങ്ങളിലാണു പൂക്കാറുള്ളത്. അതേസമയം പാതയോരങ്ങളില്‍ മാമ്പൂവിന്റെ മണം പരക്കുന്നത് കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നുണ്ട്. പുകയും പൊടിപടലങ്ങളും നിരന്തരമായി അനുഭവപ്പെടുന്ന പാതയോരങ്ങളില്‍ മാവുകള്‍ പൂക്കുമെന്ന് തൂണേരിയിലെ കൃഷി ഓഫിസര്‍ കെ.എന്‍ ഇബ്രാഹിം പറയുന്നു.
മാവുകള്‍ മുറിച്ചുമാറ്റിയതും മാവുകളുടെ എണ്ണക്കുറവും കാരണം മാമ്പഴങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെയാണു കൂടുതലായി ആശ്രയിക്കുന്നതെങ്കിലും നാട്ടിന്‍പുറങ്ങളിലെ ചിലയിനങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്.
അരൂര്‍ മാങ്ങയെന്നു വിളിക്കുന്ന ഒളോര്‍ മാങ്ങ ഇതില്‍പെട്ടതാണ്. നല്ല രുചിയുള്ള ഒളോര്‍ മാങ്ങ അരൂര്‍, കക്കട്ട്, കുറ്റ്യാടി ഭാഗങ്ങളില്‍ വ്യാപകമാണ്. ഇടവിട്ട വര്‍ഷങ്ങളിലാണ് ഈ മാവുകള്‍ പൂക്കുന്നതെങ്കിലും മറ്റു ജില്ലകളില്‍നിന്ന് കച്ചവടക്കാര്‍ ഇവതേടി എത്താറുണ്ട്.
നാട്ടുമാങ്ങയും കോമാങ്ങയും കുറുക്കന്‍മാങ്ങയും ഇത്തവണ കുറവാണ്. പൂത്തവയ്ക്കു തന്നെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പൂക്കള്‍ കരിഞ്ഞുപോകാന്‍ സാധ്യത കൂടുതലാണ്.
മാവിനു മുകളില്‍ വളരുന്ന പുള്ളൂണികള്‍ മാവിന്റെ പൂക്കലിനു തടസമാകുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗുണത്തിലും രുചിയിലും മുന്നില്‍ നില്‍ക്കുന്ന ഒളോര്‍ മാങ്ങയാണ് കേമനെങ്കിലും ഇവയുടെ ലഭ്യതക്കുറവ് കര്‍ഷകരെ നിരാശരാക്കുന്നുണ്ട്.
കിളിച്ചുണ്ടന്‍, അല്‍ഫോണ്‍സ തുടങ്ങി വിദേശ ഇനങ്ങളും വിപണിയിലെത്താറുണ്ടെങ്കിലും ഒളോറിനെ വെല്ലാനാവില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. മാവുപൂത്ത് ഉണ്ണിമാങ്ങയാവുന്നതോടെ കച്ചവടക്കാര്‍ ഉടമയെ കണ്ട് അഡ്വാന്‍സ് നല്‍കലും പതിവാണ്. തുടക്കത്തില്‍ നല്ല വില ലഭിക്കുന്ന പച്ച മാങ്ങകള്‍ക്കും ഏറെ പ്രിയമാണ്. ഇപ്പോള്‍ ഇവ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിപണികളിലെത്തിത്തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."