കുളമ്പ് രോഗം: പ്രതിരോധം ഊര്‍ജിതപ്പെടുത്തി
കാവുംമന്ദം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഉരുക്കളില്‍ കുളമ്പുരോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ജില്ലയില്‍ കുളമ്പു രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി.കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പുമായി കര്‍ഷകര്‍ സഹകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. അന്യ സംസ്ഥാനത്തില്‍ നിന്നും രോഗ ലക്ഷണം പ്രകടമാക്കുന്ന ഉരുക്കളെ കേരളത്തിലേക്ക് കൊണ്ടുവരരുത്. അവശനിലയിലുള്ള മൃഗങ്ങളില്‍ കുളമ്പുരോഗം, കുരലടപ്പന്‍ രോഗം എന്നിവ വരാന്‍ സാധ്യതയേറെയാണ്. ഇക്കാര്യത്തില്‍ ക്ഷീര കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണം. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ച് ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കും. കന്നുകാലികള്‍, പന്നി എന്നിവയെയാണ് കുത്തിവയ്പിന് വിധേയമാക്കേണ്ടത്. നാലു മാസത്തിനു മുകളില്‍ പ്രായമുള്ള ഉരുക്കളെയെല്ലാം നിര്‍ബന്ധമായി കുത്തിവയ്പിന് വിധേയമാണം. ആരോഗ്യമില്ലാത്തവയും പൂര്‍ണ ഗര്‍ഭിണികളുമായ ഉരുക്കളെ കുത്തിവയ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൃഗമൊന്നിന് 10 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് ഈടാക്കും. പട്ടികവര്‍ഗ വിഭാഗത്തിന് സൗജന്യമാണ്. ജില്ലയില്‍ ആകെ 72,677 കന്നുകാലികള്‍, 5,166 പോത്തുകള്‍, 3,577 പന്നികള്‍ എന്നിവയെയാണ് കുത്തിവയ്പിന് വിധേയമാക്കേണ്ടത്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് 25ാം ഘട്ടം ജില്ലാതല ഉദ്ഘാടനം കാവുംമന്ദത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വഹിച്ചു. പ്രദേശവാസിയായ ജോസ് കുര്യന്റെ കന്നുകാലി ഫാമില്‍ നടന്ന ചടങ്ങില്‍ തരിയോട് ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് എം.ടി ജോണി അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. മീര മോഹന്‍ദാസ് ക്ലാസെടുത്തു.
പുല്‍പ്പള്ളി: കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഇരുപത്തിയഞ്ചാം ഘട്ടം പുല്‍പ്പള്ളി പഞ്ചായത്തില്‍ തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് നിര്‍വഹിച്ചു. സജി തളിക്കപ്പറമ്പിന്റെ ഫാമിന്‍ നടന്ന ചടങ്ങില്‍ വാര്‍ഡംഗം എം.ടി കരുണാകരന്‍ അധ്യക്ഷനായി. വെറ്റിനറി സര്‍ജന്‍ ഡോ. കെ.എസ് രാഘവന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സുനിതാ റോഷന്‍, പുല്‍പ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് ബിജു നമ്പിക്കെല്ലി എന്നിവര്‍ സംസാരിച്ചു. ഇരുപത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ കര്‍ഷകരുടെവിവരങ്ങല്‍ ഭൂമിക സോഫ്റ്റ്‌വെയറില്‍ മാപ്പിംഗ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."