പുളിഞ്ഞാല്‍ കാരുണ്യ കര്‍ഷകസംഘത്തിന് പാടം നല്‍കിയത് നൂറുമേനി വിളവ്
മാനന്തവാടി: രണ്ട് വര്‍ഷം മുമ്പ് വരെ പൊന്തക്കാടുകളും വാഴകൃഷിയും മാത്രമുണ്ടായിരുന്ന പുളിഞ്ഞാല്‍ സ്‌കൂളിന് സമീപത്തെ പാട്ടത്തിനെടുത്ത വയലുകളില്‍ ആത്മവിശ്വാസം കൈമുതലാക്കി നെല്‍കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ലഭിച്ചത് നൂറുമേനി വിളവ്.
ആദ്യ വര്‍ഷം ആഘോഷത്തോടെ മഹാമായ നെല്‍വിത്തുപയോഗിച്ച് നടത്തിയ കൃഷിയില്‍ വിത്തിന് പോലും നെല്ല് ലഭിക്കാതെ കേടുവന്ന് നശിച്ചിട്ടും പിന്നോട്ടടിക്കാതെ രണ്ടാം വര്‍ഷവും കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കിയാണ് കര്‍ഷകര്‍ വിജയക്കൊയ്ത്ത് നടത്തിയത്. പുളിഞ്ഞാല്‍ കാരുണ്യ കര്‍ഷകസംഘം കൂട്ടായ്മയാണ് 13 ഏക്കര്‍ നെല്‍പ്പാടത്ത് പ്രതിസന്ധികള്‍ തരണം ചെയ്ത് നൂറുമേനി നെല്‍കൃഷി വിളവെടുപ്പ് നടത്തിയത്. പ്രദേശത്തെ പന്ത്രണ്ടോളം കര്‍ഷകര്‍ ചേര്‍ന്ന് കാരുണ്യകര്‍ഷകസംഘമെന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചാണ് പാടങ്ങളെ നല്‍കൃഷിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന് മുന്‍കൈയെടുത്തത്. തരിശുനിലം പാകമാക്കി ആദ്യ വര്‍ഷം ഏഴേക്കര്‍ സ്ഥലത്ത്് മഹാമായനെല്‍ വിത്തിറക്കിയാണ് ഇവര്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ നെല്ലിന് നെക്ക് ബ്ലാസ്റ്റര്‍ രോഗം പിടിപെട്ട് മഹാമായ മുഴുവന്‍ നശിച്ചതോടെ മൂന്ന് ലക്ഷം രൂപയോളമാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്. സര്‍ക്കാരില്‍ നിന്നും തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ലഭിച്ചത്. പ്രതിസന്ധിയില്‍ തളിരാതെ ഈ വര്‍ഷം കൂടുതല്‍ സ്ഥലത്ത് നഷ്ടം സഹിച്ചും കൃഷിയിറക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മഹാപ്രളയത്തില്‍ പാടം മുഴുവന്‍ വെള്ളംകെട്ടി നിന്നതോടെ നാട്ടികൃഷി നടത്താന്‍ ഇവര്‍ക്കായില്ല. തുടര്‍ന്ന് വെള്ളം വറ്റിയ ശേഷം നെല്‍വിത്ത് വിതച്ചാണ് കൃഷിയിറക്കിയത്. എന്നാല്‍ പ്രളയത്തിന് ശേഷം നെല്‍കൃഷിക്കുണ്ടായ രോഗങ്ങളിലും പതറാതെ വെള്ളമുണ്ട കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് നെല്ലിനെ പരിരക്ഷിച്ചത്. ഉമ നെല്‍വിത്തുപയോഗിച്ച് നടത്തിയ ഈ വര്‍ഷത്തെ കൃഷിയില്‍ നൂറുമേനി വിളവാണ് ഈ കര്‍ഷകക്കൂട്ടായ്മക്ക് ലഭിച്ചത്. കൃഷിയുടെ വിളവെടുപ്പ് പഞ്ചായത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. ബിജു കായപ്പുറത്ത്, ജോസ് മൂലക്കാട്, ജോസ് ചാമക്കുഴി എന്നിവരാണ് കര്‍ഷകക്കൂട്ടായ്മക്കും കൃഷിക്കും നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."