വീടില്ലാത്തവര്‍ക്ക് ഭൂമി നല്കി വൃദ്ധദമ്പതികള്‍
ചാരുംമൂട്: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് അര ഏക്കര്‍ ഭൂമി നല്കി ദമ്പതികള്‍. ഇലിപ്പക്കുളം വൈശാഖത്തില്‍ വേലായുധന് നായരും (68) ഭാര്യ ഓമനയമ്മ(65)യുമാണ് ഈ മാതൃകാദമ്പതികള്‍. നാല്പതു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടെ സമ്പാദിച്ച ഭൂമിയാണ് വേലായുധന് നായര്‍ വീടില്ലാത്ത പത്ത് ദരിദ്രകുടുംബങ്ങളെ കണ്ടെത്തി നല്‍കിയത്. പാലമേല്‍ ഉളവുക്കാട് പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം മെയിന്‍ റോഡ് ഓരത്തുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് വേലായുധന് നായര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചത്. ആദ്യഘട്ടമായി അഞ്ചു കുടുംബങ്ങള്‍ക്കുള്ള വസ്തുവിന്റെ രജിസ്ട്രേഷന് നൂറനാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടന്നു. ബാക്കിയുള്ള അഞ്ചു കുടുംബങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. നൂറനാട്ടെ ആധാരമെഴുത്തുകാരായ ഉണ്ണികൃഷ്ണനെയും അനിലിനെയുമാണ് ഇതിനു ു ചുമതലപ്പെടുത്തിയിരിക്കുന്നത്. വേലായുധന് നായരും ഭാര്യ ഓമനയും നീണ്ട പ്രവാസ ജീവിതത്തിനുശേഷം നിലവില്‍ നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയാണ്. സജീവ് വി. നായര്‍, മനോജ് വി. നായര്‍ എന്നിങ്ങനെ രണ്ട് മക്കളും ഇവര്‍ക്കുണ്ട്. അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിന് സജീവും മനോജും നൂറുശതമാനം പിന്തുണയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."