മയിലാടുംമുകള്‍ പാറമട വെള്ളത്തില്‍ ആസിഡ് ഒഴിക്കുന്നു
ചാരുംമൂട്: നൂറനാട് ആദിക്കാട്ടുകുളങ്ങര പതിനൊന്നാം വാര്‍ഡിലെ മയിലാടും മുകള്‍ പാറമടയിലെ വെള്ളത്തില്‍ ബാറ്ററി ആസിഡ് വന്‍തോതില്‍ കലര്‍ത്തുന്നതായി പരാതി. ഇതുമൂലം പാറമടയില്‍ വളര്ത്തിവന്നിരുന്ന മത്സ്യങ്ങള്‍ ചത്തതായാണ് റിപ്പോര്‍ട്ട്. നാട്ടുകാരാണു പരാതിയുമായി രംഗത്തെത്തിയത്.
ഒരാഴ്ച മുന്‍പുവരെ പ്രദേശവാസികള്‍ കുളിയ്ക്കാനും വസ്ത്രം അലക്കാനും കന്നുകാലികളെ കുളിപ്പിക്കാനും ഉപയോഗിച്ചുവന്ന സ്ഥലമാണിത്. പാലമേല്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ 56 സെന്റ് സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന പാറമട സംരക്ഷിച്ചു നിലനിര്‍ത്തണമെന്നും ഇവിടങ്ങളില്‍ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരെ പിടികൂടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ആദിക്കാട്ടുകുളങ്ങര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആക്രിക്കടകളില്‍നിന്നു പുറന്തള്ളുന്ന ബാറ്ററിയിലെ ആസിഡ് വലിയ ബാരലുകളില്‍ നിറയുമ്പോള്‍ വാഹനങ്ങളില്‍ കയറ്റി വിജനമായ പാറമടയിലെ വെള്ളത്തില്‍ ഒഴുക്കുന്നതായാണ് ആക്ഷേപം. വന്‍തോതില്‍ വെള്ളത്തില്‍ ആസിഡ് ഒഴുക്കുന്നതിനാല്‍ പരിസര പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നതായി പരാതിയുണ്ട്. പാറമടയെ ആശ്രയിച്ചു വളര്‍ത്തുന്ന താറാവുകള്‍ ഒരാഴ്ചയായി വെള്ളത്തിലേക്ക് ഇറങ്ങാന്‍ മടിക്കുന്നതായി സമീപത്തെ താറാവുകര്‍ഷകരും പറയുന്നു.
ഗ്രാമപഞ്ചായത്ത് അധികാരികളും വാര്‍ഡ് മെമ്പറും പാറമടയിലെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."