ക്ഷീരകര്‍ഷകര്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പരിപാടി
ആലപ്പുഴ: പ്രളയാനന്തര കേരളത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ക്ഷീര കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സഹായക സാമഗ്രികളുടെ വിതരണവും സംഘടിപ്പിക്കുന്നു. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് മൃഗസംരക്ഷണ മേഖലയിലുണ്ടായ നാശനഷ്ടം കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും അണുനശീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി പ്രളയബാധിതരായ 6,200 ക്ഷീരകര്‍ഷകരെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും സഹായക സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്യും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ് എന്നിവയുടെ സഹായത്തോടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ വിഭാഗമാണു പരിപാടി സംഘടിപ്പിക്കുന്നത്. വയനാട് ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റിയാണ് മൂന്നു ജില്ലകളിലും പദ്ധതി നടപ്പാക്കുന്നത്.
പരിശീലനത്തിന്റെ ഉദ്ഘാടനം ആലപ്പുഴയില്‍ യു.എന്‍ കോഡിനേറ്റര്‍ ഡോ. എ.ബി നെഗ്ഗി നിര്‍വഹിച്ചു. സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. ശശീന്ദ്രനാഥ്, ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ടി.ബി സുരേഷ്, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. അപര്‍ണ കെ. ചന്ദ്രന്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മോഹന്‍ദാസ്, ക്ഷീര വികസന വകുപ്പ് ഡയരക്ടര്‍ അനീഷ്, മൃഗസംരക്ഷണ വകുപ്പ് ടെക്‌നിക്കല്‍ ഓഫിസര്‍ രതീഷ്, ജില്ലാ കോഡിനേറ്റര്‍മാരായ മിഥുന്‍ബാബു, സത്യജിത് പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ ഡോ. വിക്രം സിങ്, ഡോ. ആക്ടി ജോര്‍ജ്, ഡോ. പ്രജിത് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."