പ്രളയാനന്തര കുട്ടനാട്ടില്‍നിന്ന് 35,000 മെട്രിക് ടണ്‍ നെല്ല് കൂടുതല്‍ കിട്ടുമെന്ന് മന്ത്രി
ഹരിപ്പാട്: പ്രളായനന്തരം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളടങ്ങുന്ന കുട്ടനാടന്‍ മേഖലയില്‍ 14,000 ഹെക്ടര്‍ സ്ഥലത്ത് അധികമായി കൃഷി ചെയ്‌തെന്നും കാര്‍ഷിക മേഖലയില്‍ ഉണ്ടായ ഉണര്‍വാണ് ഇതു വരച്ചുകാട്ടുന്നതെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രളയം തകര്‍ത്തെറിഞ്ഞ കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെ സഹായിക്കാന്‍ വേണ്ട എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി തന്നെ കൈക്കൊണ്ടിരുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമ ബോര്‍ഡ് ഉടന്‍ തന്നെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ്, വിവാഹം, അപകടത്തില്‍പെടുന്നവര്‍ക്കുള്ള ധനസഹായം ഇവയൊക്കെ ലക്ഷ്യമിട്ടാണിത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ബോര്‍ഡ് നിലവില്‍ വരുന്നതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ വഴി നടപ്പാക്കിയ നെല്ലു സംഭരണത്തിന്റെയും ആനുകൂല്യ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രളയാനന്തര കൃഷിയില്‍ കുട്ടനാട്ടില്‍നിന്നു മാത്രം 35,000 മെട്രിക് ടണ്‍ നെല്ല് അധികമായി ഉത്പാദിപ്പിക്കും. പാടശേഖര സമിതികള്‍ ഉള്‍പ്പെടെയുള്ളവ എല്ലാവിധ പിന്തുണയുമായി സര്‍ക്കാരിനൊപ്പം നിന്നു. കരുവാറ്റ ഉള്‍പ്പെടെയുള്ള കരിനില മേഖലയില്‍ ഇക്കുറി മികച്ച വിളവെടുപ്പാണ് ലഭിച്ചത്. ഒരു ഹെക്ടറില്‍ ഏകദേശം ആറര ടണ്‍ നെല്ലാണ് ലഭിച്ചത്. കൃഷിനാശം സംഭവിച്ചവര്‍ക്ക് ഹെക്ടറിന് 13,500 രൂപ വീതവും, കൃഷിയിടങ്ങളില്‍ എക്കല്‍ അടിഞ്ഞവര്‍ക്ക് ഹെക്ടറിന് 12,200 രൂപ വീതവും ഒരു ഹെക്ടറിന് 125 കിലോ വിത്ത് സൗജന്യമായും ഇതിനകം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. കൂടാതെ 100 ശതമാനം സബ്‌സിഡിയില്‍ കുമ്മായവും വിതരണം ചെയ്തു. 6,400 മെട്രിക്ക് ടണ്‍ വിത്താണ് സൗജന്യമായി ജില്ലയില്‍ മാത്രം വിതരണം ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കരുവാറ്റ ചാലുങ്കല്‍ പാടശേഖരത്ത് മികച്ച രീതിയില്‍ കൃഷി നടത്താന്‍ പ്രരിശ്രമിച്ച കൃഷി ഓഫിസര്‍ ആര്‍. ഗംഗാദേവി, 30 വര്‍ഷം തരിശായി കിടന്ന 15 ഏക്കറില്‍ കൃഷിയിറക്കിയ സുരേഷ് എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പുറക്കാട് കൃഷി ഭവന്‍ പരിധിയില്‍ വരുന്ന നാലുചിറ വടക്ക് കൃഷിഭവനിലെ കര്‍ഷകനായ പൊന്നപ്പന്‍ പുത്തന്‍ചിറയിലിന് രണ്ട് ഹെക്ടറിനുള്ള ആനുകൂല്യവും, ചാലുങ്കല്‍ പാടശേഖരത്തില്‍നിന്ന് ആദ്യമായി നെല്ല് സംഭരിക്കുന്നതിന്റെ ഭാഗമായി ലീലാമ്മ ജോര്‍ജ്ജ്, ടെന്‍സി എന്നിവര്‍ക്കുള്ള പി.ആര്‍.എസും മന്ത്രി ഉദ്ഘാടനം വിതരണം ചെയ്തു.
യോഗത്തില്‍ കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുജാത അധ്യക്ഷയായി. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയരക്ടര്‍ രാധ പദ്ധതി വിശദീകരിച്ചു. പുറക്കാട് കരിനില വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രമ്യാ രമണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ സന്തോഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിയിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം എസ്. സുരേഷ്, ഗ്രാമപഞ്ചായത്തംഗം മോഹനകുമാര്‍, കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ സി.ആര്‍ രശ്മി, കാര്‍ഷിക വികസന സമിതി അംഗങ്ങളായ പി. മുരളി കുമാര്‍, പത്മനാഭക്കുറുപ്പ്, പി.ടി മധു, ജയിംസ് ജോസഫ്, ചാലുങ്കല്‍ പാടശേഖര സമിതി സെക്രട്ടറി എസ്. വേണുഗോപാല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."