സദ്ദാം ഹുസൈന് ദുബൈ അഭയം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍
ദുബൈ: മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന് ദുബൈ അഭയം വാഗ്ദാനം ചെയ്തിരുന്നെന്ന് വെളിപ്പെടുത്തല്‍. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശൈഖ് മുഹമ്മദ് തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഇക്കാര്യം വിവരിക്കുന്നത്. 'ഖിസ്സത്തീ' (എന്റെ കഥ) എന്ന പേരിലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദിന്റെ ആത്മകഥ പുറത്തിറക്കിയിരിക്കുന്നത്. ഇറാഖ് അധിനിവേശം ആരംഭിക്കുന്നതിന് മൂന്ന് മാസം മുന്‍പ് ബസറയിലെ വീട്ടില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് സദ്ദാമിന് അഭയം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ട്. സദ്ദാം ഹുസൈനുമായുള്ള സംഭാഷണം അഞ്ച് മണിക്കൂര്‍ വരെ നീണ്ടു. വൈകാരികമായ സംഭാഷണമായിരുന്നു അത്. എന്നാല്‍, വാഗ്ദാനങ്ങള്‍ സദ്ദാം നിരസിച്ചു. 'മുഹമ്മദ് ഞാന്‍ സംസാരിക്കുന്നത് എന്നെ രക്ഷിക്കുന്നതിനെക്കുറിച്ചല്ല, ഇറാഖിനെ രക്ഷിക്കുന്നതിനെക്കുറിച്ചാണ്'. ആ മറുപടിയില്‍ തനിക്ക് സദ്ദാമിനോടുള്ള ബഹുമാനം വര്‍ധിച്ചുവെന്ന് ശൈഖ് മുഹമ്മദ് എഴുതുന്നു. അന്ന് തിരിച്ചുവരുമ്പോള്‍ പതിവില്ലാത്തവിധം സദ്ദാം തന്നെ വാഹനംവരെ അനുഗമിച്ചു. ഇറാഖ് അധിനിവേശത്തില്‍ നിന്ന് ബുഷിനെ പിന്തിരിപ്പിക്കാന് താന്‍ ശ്രമിച്ചിരുന്നുവെന്നും ശൈഖ് മുഹമ്മദ് ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."