ടെക്‌നോപാര്‍ക്കില്‍ മേയറുടെ സാന്നിധ്യത്തില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന
കഴക്കൂട്ടം: ടെക്ക്‌നോപാര്‍ക്കിലെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളിലും ബേക്കറികളിലും മേയര്‍ വി.കെ പ്രശാന്തിന്റെ സാന്നിദ്ധ്യത്തില്‍ നഗരസഭയുടെ ആരോഗ്യവകുപ്പ് വിഭാഗം റെയ്ഡ് നടത്തി.
കഴിഞ്ഞയാഴ്ച ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്. ടെക്‌നോപാര്‍ക്കിനുള്ളിലെ നിള, കാര്‍ണിവല്‍, തേജസ്വിനി, ഭവാനി എന്നിങ്ങനെ നാല് കെട്ടിടങ്ങളിലായി 17 ഹോട്ടലുകളിലും ബേക്കറികളിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ വൃത്തിഹീനമായ അടുക്കള, വൃത്തി ഹീനമായ പാത്രങ്ങള്‍, പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ,ഭക്ഷണത്തില്‍ ഉപയോഗിച്ച് വന്നിരുന്ന നിരോധിത ഉല്‍പന്നങ്ങള്‍, ഭക്ഷണം പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവര്‍ എന്നിവ കണ്ടെത്തി.
ക്രമക്കേട് കണ്ടെത്തിയ ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് നോട്ടീസില്‍ പറയുന്നത്. ടെക്ക്‌നോപാര്‍ക്കിന്റെ പരിസര പ്രദേശമായ ആറ്റിന്‍കുഴിയില്‍ രണ്ട് സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ജ്യൂസ് പാലസ്, ടേസ്റ്റിലാന്റ് എന്നീ സ്ഥാപനങ്ങളാണ് പൂട്ടിയത്. അതേ സമയം കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യവിഷബാധ ആഹാരത്തിലൂടെയാണോ വെള്ളത്തിലൂടെയാണോ പകര്‍ന്നത് എന്ന് വ്യക്തമല്ല. അത് കൊണ്ട് ടെക്ക്‌നോപാര്‍ക്കിനുള്ളിലെ വെള്ളവും ടെക്ക്‌നോപാര്‍ക്കില്‍ വിതരണം ചെയ്യുന്ന കമ്പനി വെള്ളവും വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനായി ടെക്‌നോപാര്‍ക്കിനുള്ളില്‍ വിതരണം ചെയ്യുന്ന വെള്ള കമ്പനികളുടെ ലിസ്റ്റ് എടുത്ത് പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലും കഴക്കൂട്ടത്തും ടെക്ക്‌നോപാര്‍ക്കിന്റെ പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് അറിയിച്ചു.നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി. അലക്‌സാണ്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. അജിത് കുമാര്‍ ,എ. അജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍, എസ് നസീജ റെയ്ഡില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."