ഭിന്നശേഷിക്കാരായ രക്തജന്യ രോഗികള്‍ക്ക് തൊഴില്‍ സംവരണം
കോഴിക്കോട്: ഭിന്നശേഷിക്കാരായ രക്തജന്യ രോഗികള്‍ക്ക് തൊഴില്‍ സംവരണം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ 2016 ലെ ഭിന്നശേഷി ആക്ട് പ്രകാരം അംഗവൈകല്യ ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട തലാസീമിയ, ഹീമോഫീലിയ, സിക്കിള്‍സെല്‍ അനീമിയ പോലുള്ള അസുഖം ബാധിച്ചവര്‍ക്കാണ് സംവരണം ലഭിക്കുക. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സംവരണം. ഇത് സംബന്ധിച്ച് എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ കത്ത് കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസിലേക്ക് അയക്കുകയും ചെയ്തു.
ഇവര്‍ക്കായി അനുയോജ്യമായ തസ്തികകള്‍ ഏതൊക്കെയെന്ന് കണ്ടുപിടിക്കുന്നതിനായി ഒരു എക്‌സ്‌പേര്‍ട്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാരിലെ പ്രധാനപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്നവരാണ് കമ്മിറ്റിയിലുള്ളത്. ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മന്ത്രി ടി.പി രാമകൃഷ്ണനും കോഴിക്കോട് ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവുവിനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
നിലവില്‍ 18 വയസ് പൂര്‍ത്തിയായ മുപ്പതോളം പേരാണ് ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായിട്ടുള്ളത്. ഭാരപ്പെട്ട ജോലികള്‍ ഒഴിവാക്കി ഓഫിസ് സംബന്ധമായ ജോലികള്‍ നല്‍കുന്നതാണ് ഇവര്‍ക്ക് പ്രയോജനപ്പെടുകയെന്ന് ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."