HOME
DETAILS
MAL
ആ വിവരം തെറ്റായിരുന്നു റിസോര്‍ട്ട് അക്രമിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് മാവോയിസ്റ്റുകള്‍
backup
February 07 2020 | 02:02 AM
കല്‍പ്പറ്റ: വയനാട്ടിലെ അട്ടമല ഏറാക്കുണ്ടിലെ ലെഗസി ഹോം റിസോര്‍ട്ട് അക്രമിച്ചത് തങ്ങള്‍ക്കു പറ്റിയ വീഴ്ച്ചയാണെന്നും അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ച് മാവോയിസ്റ്റ് കത്ത്. ആദിവാസി സ്ത്രീകളെ റിസോര്‍ട്ട് അധികൃതരുടെ ഒത്താശയോടെ വിനോദ സഞ്ചാരികള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് കഴിഞ്ഞമാസം 14നായിരുന്നു മാവോയിസ്റ്റ് ജനകീയ വിമോചന ഗറില സേന അട്ടമല റിസോര്‍ട്ട് അക്രമിച്ചത്.
ഈ ആരോപണം ശരിയല്ലെന്നും വിവരം തന്ന പ്രവര്‍ത്തകനെ വിശ്വസിച്ചുപോയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുംസി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റിയുടേതായി വയനാട് പ്രസ് ക്ലബ്ബില്‍ ലഭിച്ച കത്തില്‍ പറയുന്നു. നിരുത്തരവാദപരമായി, കാര്യങ്ങള്‍ വിശകലനം ചെയ്യാതെ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രസ്തുത പ്രവര്‍ത്തകന്റെ പേരില്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും റിസോര്‍ട്ട് ഉടമക്ക് ഉണ്ടായ നാശനഷ്ട്ടത്തില്‍ അദേഹത്തോട് പാര്‍ട്ടി ഖേദം പ്രകടിപ്പിക്കുന്നതായും കത്തില്‍ പറയുന്നുണ്ട്.
അട്ടമല ഏറാക്കുണ്ട് പണിയ കോളനിയിലെ അമ്മയെയും മകളെയും ബന്ധുവായ സ്ത്രീയെയും കഴിഞ്ഞ സീസണില്‍ ഒരു ദിവസം ഉച്ചക്ക് കോളനിയിലേക്കുള്ള വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും അരിയും മറ്റും തരാമെന്ന് പറഞ്ഞ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോകാന്‍ ടൂറിസ്റ്റുകള്‍ ശ്രമിച്ചെന്നും ഇതിന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ ഒത്താശ ചെയ്തുവെന്ന വിവരം നാടുകാണി ഏരിയ സമതിയിലെ ഒരു പ്രവര്‍ത്തകന് പതിവ് ഗ്രാമ സന്ദര്‍ശന സമയത്ത് കിട്ടിയ രഹസ്യ വിവരമെന്ന നിലയിലാണ് ഏരിയ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അയാളെ വിശ്വാസത്തിലെടുത്ത് വിവരം മേല്‍കമ്മിറ്റിയിലേക്ക് അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടിയുടെ അനുവാദത്തോടെ റിസോര്‍ട്ട് അക്രമിച്ചത്. ആദിവാസികളെ വിവിധ രീതിയില്‍ ചൂഷണം ചെയ്യുന്ന രീതി വയനാട്ടിലെ റിസോര്‍ട്ട് മാഫിയകള്‍ക്ക് പൊതുവില്‍ ഉണ്ടാകുന്നതിനാലും വിവരം നല്‍കിയ ആളെ കൂടുതല്‍ വിശ്വസിച്ചതുമാണ് പിഴവിന് കാരണമായതെന്നും കത്തില്‍ പറയുന്നു.
ഏരിയ കമ്മിറ്റി പ്രസ്തുത വിവരം ലഭിച്ചതിനുശേഷം അതേപ്പറ്റി കൃത്യമായ വിശകലനം നടത്തിയനുശേഷം മാത്രമെ മേല്‍ കമ്മറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.
കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിന് സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല പ്രത്യേക കമ്മിറ്റി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ഇപ്പോള്‍ രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ അജണ്ടയാണെന്നും പൗരത്വ ഭേദഗതി നിയമം മതരാഷ്ട്രം നിര്‍മിക്കുന്നതിനുള്ള അസ്ഥിവാരം നിര്‍മിക്കലാണെന്നും മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരില്‍ വന്ന കത്തില്‍ പറയുന്നു.
ഏതാനും വര്‍ഷങ്ങളായി ആര്‍.എസ്.എസ് രാജ്യത്ത് രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന മത-രാഷ്ട്രീയ-വര്‍ഗീയ ദ്രുവീകരണത്തിന്റെ ഭാഗമാണിതെന്നും കത്തില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. തോട്ടം മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കൂലി വര്‍ധനവിനേയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പശ്ചിമഘട്ട മല തുരന്നുള്ള ബദല്‍ റോഡുകള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."