കാവനൂരിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ പ്രചാരണം തുടങ്ങി!
അരീക്കോട്: കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന് ഇരു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ സജീവമാണ്. ഫെബ്രുവരി ആദ്യ വാരത്തില്‍ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്, എല്‍.ഡി.എഫ് നേതൃത്വങ്ങള്‍.
ഇരു മുന്നണികള്‍ക്കും പുറമേ, പുതുതായി രൂപീകരിച്ച ഖാഇദേ മില്ലത്ത് ഫോറവും മത്സര രംഗത്തുണ്ടാകും. എളയൂര്‍ സ്വദേശിയായ പൂന്തല സഫിയയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ലീഗ് പ്രതിനിധിയായ സഫിയയെ ഇന്നലെ പാണക്കാട്ടു നടന്ന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ്, ബാലത്തില്‍ ബാപ്പു ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. പൊട്ടണംചാലില്‍ ശാഹിനയാണ് എല്‍.ഡി.എഫിനു വേണ്ടി മത്സരിക്കുന്നത്. രണ്ടു ദിവസത്തിനകം ഖാഇദേ മില്ലത്ത് ഫോറവും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.
ഇരു മുന്നണികള്‍ക്കും നിര്‍ണായകവും മുസ്‌ലിം ലീഗിന് അഭിമാന വിഷയവുമായ തെരഞ്ഞെടുപ്പില്‍ തിയതി കുറിക്കും മുന്‍പേ കണ്‍വന്‍ഷനുകളും സമ്മേളനവും സംഘടിപ്പിച്ച് ശക്തിതെളിയിക്കാനുള്ള ഒരുക്കത്തിലാണ് നേതൃത്വം. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒന്‍പതും അംഗങ്ങളുമായിരുന്നു. ലീഗ് അംഗമായ സി.പി ഫാത്വിമ രാജിവച്ചതോടെ ഇരുമുന്നണികള്‍ക്കും ഒന്‍പതു വീതം അംഗങ്ങളാണുള്ളത്. എല്‍.ഡി.എഫ് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന കെ. അഹമ്മദ് ഹാജി മുസ്‌ലിം ലീഗില്‍ ചേര്‍ന്നതോടെ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. എന്നാല്‍, അഹമ്മദ് ഹാജിയെ ലീഗിലേക്കു തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നത്തെ തുടര്‍ന്ന് ഫാത്വിമ രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
എല്‍.ഡി.എഫിന്റെ കണ്‍വന്‍ഷനും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ വിശദീകരണ സമ്മേളനവും 18ന് എളയൂരില്‍ നടക്കും. എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."