കര്'നാടകം' തുടരുന്നു; സഖ്യം വിട്ട സ്വതന്ത്ര എം.എല്‍.എ തിരിച്ച് കോണ്‍ഗ്രസിനൊപ്പം
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. സഖ്യം വിട്ട സ്വതന്ത്ര എം.എല്‍.എമാരില്‍ ഒരാള്‍ ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. ആര്. ശങ്കര്‍ എം.എല്‍.എയാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യസര്ക്കാരിനൊപ്പം തുടരുമെന്ന സൂചന നല്‍കുന്നത്.
അദ്ദേഹം തിരിച്ചുവരുമെന്നും വേണ്ടത് നല്ലൊരു സ്ഥാനമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ബി.എസ് യെദ്യൂരപ്പ ഇവരെ ബി.ജെ.പിയിലേക്ക് തിരിച്ചത്.
അതേസമയം, കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതായാണ് സൂചന. എല്ലാ എം.എല്‍.എമാരുമായി ബന്ധപ്പെട്ടുവെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇന്നു രാവിലെ പറഞ്ഞു. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇപ്പോഴും മുംബൈയിലെ ഹോട്ടലില്‍ ബി.ജെ.പി നേതാക്കള്ക്കൊപ്പമാണെന്നാണ് വിവരം.
ബി.ജെ.പി എം.എല്‍.എമാര്‍ എല്ലാവരും ഹരിയാനയിലെ ഹോട്ടലിലാണ്. അവിടെ നേതാക്കളോടൊന്നിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 100 സിംഗിള്‍ മുറികള്‍ വാടകയ്ക്കെടുത്തിട്ടുണ്ടെന്നാണ് വിവരം. 30,000 രൂപ വീതം വാടകയുള്ള മുറികളാണിത്.
ഹോട്ടലിനു പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി പ്രതിഷേധം നടത്തുന്നത്.
നാടകം രണ്ടു ദിവസത്തിനുള്ളില്‍ തീരും- കെ.സി വേണുഗോപാല്‍
ഈ നാടകം ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ തീരുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ എം.എല്‍.എമാരുമായി ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഞങ്ങളെല്ലാവരും ഒന്നിച്ചാണ്. കോണ്‍ഗ്രസിനുള്ള ആഭ്യന്തര കലഹങ്ങളില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് വേണുഗോപാല്‍ ബംഗളൂരുവിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."