ശബരിമല യുവതീപ്രവേശനം കനക ദുര്‍ഗ തിരിച്ചെത്തി, വിവാദത്തിലേക്ക്...
അങ്ങാടിപ്പുറം: ശബരിമലയില്‍ പ്രവേശിച്ച കനക ദുര്‍ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയത് അടിപിടിയില്‍ കലാശിച്ചു. മാവേലി സ്റ്റോറിലെ ജീവനക്കാരിയായ ഇവരുടെ അവധി ഇന്നലെ തീരാനിരിക്കെയാണ് കനക ദുര്‍ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃവീടായ തട്ടകത്തിലെ കൃഷ്ണപുരിയിലെത്തിയത്.
കതകില്‍ മുട്ടിയതോടെ ആദ്യം വാതില്‍ തുറന്നെത്തിയതു ഭര്‍തൃമാതാവായിരുന്നു. ക്ഷേത്രാചാരങ്ങളെ ബഹുമാനിച്ചു ജീവിക്കുന്ന ഇവര്‍ ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന നേരത്തായിരുന്നു കനക ദുര്‍ഗ പൊലിസ് സുരക്ഷയോടെ വീട്ടിലെത്തിയത്. ക്ഷുഭിതയായ ഭര്‍തൃമാതാവ് വാതില്‍ തുറന്നയുടന്‍ അകത്തേക്കു പോയ ശേഷം പട്ടികയുമായി തിരിച്ചുവന്ന് കനക ദുര്‍ഗയെ അടിക്കുകയായിരുന്നെന്നാണ് ആരോപണം. എന്നാല്‍, കനക ദുര്‍ഗയാണ് തന്നെ തള്ളി താഴെയിട്ടതെന്നാണ് ഭര്‍തൃമാതാവ് പറയുന്നത്. ഇരുവരും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ടു പേരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ അരീക്കോട്ടെ സ്വന്തം വീട്ടിലേക്കും കനക ദുര്‍ഗയെ പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കി സഹോദരനും രംഗത്തെത്തിയിട്ടുണ്ട്. പൊലിസിന്റെ അകമ്പടിയോടെ കയറിയാല്‍ തടയാനാകില്ലെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വീട്ടിലേക്കുള്ള പ്രവേശനം താന്‍ തടഞ്ഞതോടെ തന്നെ കനഗ ദുര്‍ഗ തള്ളി താഴെയിടുകയായിരുന്നുവെന്നു ഭര്‍തൃമാതാവായ സുമതി പറഞ്ഞു. മകന്‍ കൃഷ്ണനുണ്ണിയും മക്കളും ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു സംഭവം. മല്‍പ്പിടുത്തത്തിനിടെ താന്‍ താഴെവീണിട്ടും പൊലിസുകാര്‍ സഹായത്തിനെത്തിയില്ലെന്നും ഏറെനേരം തറയില്‍ കിടന്ന ശേഷം മകന്‍ കൃഷ്ണനുണ്ണി സ്ഥലത്തെത്തിയ ശേഷമാണ് തന്നെ എഴുന്നേല്‍പ്പിച്ചതെന്നും അവര്‍ പറഞ്ഞു.
പ്രായക്കൂടുതലുള്ളതിനാലും ശരീരത്തിന്റെ പിറകുവശത്ത് വീഴ്ചയില്‍ വേദന അനുഭവപ്പെട്ടതിനാലുമാണ് തനിയെ എണീറ്റുനില്‍ക്കാന്‍ പോലും സാധിക്കാതെവന്നത്. തുടര്‍ന്നു പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."