എന്‍.പി.ആര്‍ നടപ്പാക്കില്ല; സെന്‍സസ് നടപ്പാക്കാതിരിക്കാന്‍ കഴിയില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍ ) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിലവിലെ സെന്‍സസ് നടപടിക്രമങ്ങളില്‍ എന്‍.പി.ആറിന് സഹായകമാകുന്ന മുഴുവന്‍ സാധ്യതകളും സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
സെന്‍സസില്‍ എന്‍.പി.ആറിന് സഹായകമാകുന്ന വിജ്ഞാപനം നിലവിലുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആശങ്ക പരിശോധിച്ച് പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന തരത്തിലുള്ള നിലപാടില്‍നിന്ന് പിന്മാറണം.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉള്ള സാഹചര്യത്തില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അംഗം കെ.എം ഷാജി നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഉദ്യോഗസ്ഥരെ നല്‍കുക എന്നതു മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയെന്ന് കെ.എം ഷാജി പറഞ്ഞു. സെന്‍സസ് നടന്നാല്‍ അത് എന്‍.പി.ആര്‍ തന്നെയായിരിക്കും. ഇത്തരം ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാറിന്റെ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സെന്‍സസില്‍നിന്നു മാറ്റുമെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യമായ ആശങ്കയാണ് പ്രതിപക്ഷം പരത്തുന്നത്. സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്നും തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉള്ള സാഹചര്യത്തില്‍ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാതെ സെന്‍സസ് നടത്തുന്നത് ചതിയാണ്. സെന്‍സസ് നടപടികള്‍ നടത്തുന്നത് കേന്ദ്ര സെന്‍സര്‍ വകുപ്പാണ്.
സംസ്ഥാന സര്‍ക്കാര്‍ എന്‍.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് സ്‌റ്റേ ചെയ്തുവെങ്കിലും 2019 നവംബര്‍ 12 ന് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രനടപടികള്‍ തുടരുന്നത്. അതിനാല്‍ ആ ഉത്തരവ് റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."