അണ്ടര്‍19 ലോകകപ്പ് ഇന്ത്യ- ബംഗ്ലാദേശ് ഫൈനല്‍
പോച്ചെഫ്സ്ട്രൂം: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയത്. ആദ്യമായാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 2014ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് മുന്‍പത്തെ മികച്ചനേട്ടം. അതേസമയം, 1998ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്റെ ഫൈനലിന് ശേഷം വീണ്ടുമൊരു ഫൈനലിലേക്ക് കണ്ണുനട്ട കിവീസിന് കാലിടറുകയായിരുന്നു. ഈ ലോകകപ്പിലാണ് ന്യൂസിലന്‍ഡ് ആദ്യമായും അവസാനമായും ഫൈനലിലെത്തിയത്. ഞായറാഴ്ചയാണ് ഫൈനല്‍.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 211 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 44.1 ഓവറില്‍ വെറും നാല് വിക്കറ്റിന് 215 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു. സെഞ്ചുറി നേടിയ മഹമൂദുല്‍ ഹസന് ജോയ് (127 പന്തില്‍ 100) ആണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്. തൗഹീദ് ഹൃദോയ് (40), ഷഹാദത്ത് ഹുസൈന് (പുറത്താവാതെ 40) എന്നിവരും വിജയത്തില്‍ നിര്‍ണായകമായി. വിലര്‍ ഗ്രീനലിന്റെ (83 പന്തില്‍ 75) മികച്ച പ്രകടനമാണ് കിവീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. നിക്കോളാസ് ലിഡ്സ്റ്റോണും (44) കാര്യമായ സംഭാവന നല്കി. ബംഗ്ലാദേശിനായി ഷൊറിഫുല്‍ ഇസ്ലാം മൂന്നും ഷമീം ഹുസൈന്, ഹസന് മുറാദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."