സര്‍ക്കാരുകളെ താരതമ്യം ചെയ്ത് മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ കണക്കുകള്‍ നിരത്തി ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ നേട്ടങ്ങളായി ബജറ്റിലൂടെ ചിത്രീകരിച്ച് മന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രകടനത്തെ നാല്‌വര്‍ഷം കൊണ്ട് ബഹുദൂരം മറികടക്കാനായെന്നാണ് മന്ത്രി ബജറ്റിലെ താരതമ്യത്തിലൂടെ ശ്രമിച്ചിരിക്കുന്നത്.
ക്ഷേമ പെന്‍ഷനുകള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ 9311 കോടി രൂപ വിതരണം ചെയ്തപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 22,000 കോടി നല്‍കുകയും 13 ലക്ഷം വയോജനങ്ങള്‍ക്കുകൂടി പുതിയതായി ക്ഷേമ പെന്‍ഷന്‍ നല്‍കിയതായും ബജറ്റില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2015-16ല്‍ മൊത്ത ധനസഹായം 7679 കോടി ആയിരുന്നത് 2020-21ല്‍ 12,074 കോടിയായി. പദ്ധതി വിഹിതം 24 ശതമാനത്തില്‍നിന്ന് 25.93 ശതമാനമായും ഉയര്‍ന്നു. തീരദേശ വികസനത്തിന് 2015-16ല്‍ 188 കോടി ആയിരുന്നത് 2020-21ല്‍ തീരദേശ പദ്ധതി അടങ്കല്‍ 380 കോടിയായി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 503 കോടി ചെലവഴിച്ചപ്പോള്‍ നാല് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ 1,216 കോടി കടന്നു.
ഇതിനു പുറമേ പ്രളയ ദുരിതാശ്വാസത്തിന് 2851 കോടിയും നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റിലെ മൊത്തം മൂലധന ചെലവ് 29,686 കോടി ആയിരുന്നത് നാല് വര്‍ഷം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മൂലധന ചെലവ് 40,497 കോടിയായി.
2011-16ല്‍ പൊതുമരാമത്ത് വകുപ്പ് 7780 കിലോമീറ്റര്‍ റോഡ് പുനരുദ്ധരിക്കുകയോ നവീകരിക്കുകയോ ചെയ്തപ്പോള്‍ 2016-19 കാലയളവില്‍ 14,623 റോഡുകള്‍ പൂര്‍ത്തീകരിക്കുകയും 68 പാലങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.
കഴിഞ്ഞ സര്‍ക്കാര്‍ 4.9 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കിയപ്പോള്‍ ഈ സര്‍ക്കാര്‍ 7.5 ലക്ഷം കണക്ഷനുകള്‍ ഇതുവരെ നല്‍കി. ആരോഗ്യ പദ്ധതികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ 7,191 കോടി ചെലവഴിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ ഇതുവരെ 9,651 കോടി ചെലവഴിച്ചതായും മന്ത്രി തോമസ് ഐസക്ക് താരതമ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."