ലൈസന്‍സ് അപേക്ഷയ്ക്ക് ചെവി മറയ്ക്കാത്ത ഫോട്ടോ നിര്‍ബന്ധമില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ്; നിര്‍ബന്ധമെന്ന് ഡ്രൈവിങ് സ്‌കൂളുകള്‍
മലപ്പുറം: ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ ചെവി മറയ്ക്കാത്ത ഫോട്ടോ നിര്‍ബന്ധമില്ലെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കിയിട്ടും ഇത്തരം ഫോട്ടോ പരിഗണിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂളുകള്‍. ചെവി പുറത്ത് കാണുന്നില്ലെന്ന കാരണം പറഞ്ഞ് ശിരോവസ്ത്രം ധരിച്ച് എടുത്ത ഫേട്ടോ പതിച്ച ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിരസിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ചെവി പുറത്ത് കാണുന്ന ഫോട്ടോ നിര്‍ബന്ധമില്ലെന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുശേഷവും സംസ്ഥാനത്തെ പല ഡ്രൈവിങ് സ്‌കൂളുകളിലും ലൈസന്‍സ് അപേക്ഷകളില്‍ ചെവി പുറത്ത് കാണാത്ത ഫോട്ടോ സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപമുണ്ട്.
ചെവി മറയാത്ത ഫോട്ടോ തന്നെ വേണമെന്ന് ചില ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധം പിടിക്കുകയാണെന്ന പരാതി വ്യാപകമാണ്. ലൈസന്‍സ് അപേക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അജ്ഞത മൂലമാണ് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അപേക്ഷകയുടെ ചെവി പുറത്ത് കാണും വിധമുള്ള ഫോട്ടോ മാത്രമേ പരിഗണിക്കൂ എന്നായിരുന്നു പല ജില്ലകളിലെയും ആര്‍.ടി.ഒമാരുടെയും എം.വി.ഐമാരുടെയും നിലപാട്. മുസ്‌ലിം സ്ത്രീകളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥരുടെ ഈ നിലപാടെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, ലൈസന്‍സ് അപേക്ഷകളിലെ ഫോട്ടോ സംബന്ധിച്ച് ഇത്തരത്തില്‍ ഒരു നിര്‍ദേശവും ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്ന് ഗതാഗത വകുപ്പ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.
പാനായിക്കുളം സ്വദേശിനി സുഫൈറ നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മോട്ടോര്‍ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്രം ധരിച്ച ഫോട്ടോ പരിഗണിക്കില്ലെന്ന് പറയുന്നില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഉത്തരവാദിത്തം അതത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കുമെന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
മുസ്‌ലിം സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ പോലും ചെവി പുറത്ത് കാണുന്ന ഫോട്ടോ നിര്‍ബന്ധമില്ലെന്നിരിക്കെയാണ് ചില മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്‌കൂള്‍ അധികൃതരും അനാവശ്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ പതിക്കുന്ന ഫോട്ടോ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിശ്വാസപരമായ കാരണങ്ങളാല്‍ ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോകള്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ സ്വീകാര്യമാണെന്ന് കൃത്യമായി പറയുന്നുമുണ്ട്. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പ് ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെ പുറത്തിറക്കിയിട്ടില്ല. വകുപ്പ് ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കിയാലേ പ്രശ്‌നങ്ങള്‍ക്ക് അന്തിമ പരിഹാരമാവൂയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."