സംസ്ഥാനത്ത് 3,014 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിച്ചത്. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ 67 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.
മാത്രമല്ല, രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. രോഗിയുമായി പ്രാഥമിക തലത്തില്‍ സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാ വ്യക്തികളും കര്‍ശനമായ നിരീക്ഷണത്തിലാണ്.
ദ്വിതീയ തലത്തില്‍ സമ്പര്‍ക്കമുണ്ടായിരുന്ന ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം സംസ്ഥാനം സന്ദര്‍ശിച്ച് ഒരുക്കങ്ങളില്‍ തൃപ്തി അറിയിച്ചു. ഫെബ്രുവരി മൂന്നിന് ശേഷം ഒരാള്‍ക്കുപോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സംസ്ഥാന ദുരന്ത പ്രഖ്യാപനം പിന്‍വലിക്കുകയാണെന്നും സംസ്ഥാനത്ത് നിലവിലുള്ള കര്‍ശനമായ ജാഗ്രതയും നിരീക്ഷണവും തുടരുകയും പ്രോട്ടോക്കോളുകള്‍ തുടര്‍ന്നും നിലവിലുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3014 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2953 പേര്‍ വീടുകളിലും 61 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 285 സാമ്പിളുകള്‍ എന്‍. ഐ.വിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 261 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.
സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനത്തും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കൊറോണ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് രോഗബാധ സംശയിക്കുന്നവരുടെ തുടര്‍ ചികില്‍സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലപ്പുഴ എന്‍.ഐ.വി യൂനിറ്റില്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."