റീടെന്‍ഡറില്ല; ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസും ക്യാംപും നെടുമ്പാശ്ശേരിയില്‍ നിന്ന്
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വിസും ഹജ്ജ് ക്യാംപും നെടുമ്പാശ്ശേരിയില്‍ നിന്നു തന്നെ. ഹജ്ജ് വിമാന സര്‍വിസിന് ഇന്ത്യയിലാകെ ടെന്‍ഡര്‍ വിളിച്ച സാഹചര്യത്തില്‍ കരിപ്പൂരിന് വേണ്ടി റീടെന്‍ഡര്‍ ക്ഷണിച്ച് ഈവര്‍ഷം ഹജ്ജ് സര്‍വിസിന് അനുമതി നല്‍കാനാവില്ലെന്ന് ഇന്നലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ സിവില്‍ എവിയേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങളുടെ സമയ സ്ലോട്ട് കരിപ്പൂരിലേക്ക് മാറ്റാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഷം നെടുമ്പാശ്ശേരിക്ക് നല്‍കി അടുത്ത വര്‍ഷം കരിപ്പൂരിന് നല്‍കുന്നത് പരിശോധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
മുംബൈയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രഹജ്ജ് കമ്മിറ്റിയോഗത്തില്‍ പ്രധാ ന ചര്‍ച്ച കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വിസായിരുന്നു. ഹജ്ജ് സര്‍വിസിന് ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ പ്രവൃത്തികള്‍ നടക്കുകയായിരുന്നു. ഇതിനാലാണ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. ഇതിനിടയില്‍ കരിപ്പൂരിലേക്ക് വിമാന കമ്പനികളില്‍ നിന്ന് പുതിയ ടെന്‍ഡര്‍ വിളിച്ച് അനുമതിയും ജിദ്ദയില്‍ വിമാനമിറങ്ങുന്നതിനുള്ള സമയസ്ലോട്ടും അനുവദിക്കാനാവില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ 2015ല്‍ റണ്‍വേ റീകാര്‍പ്പറ്റിങ് ആരംഭിച്ചപ്പോള്‍ ഹജ്ജ് വിമാന ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത് കരിപ്പൂരിലേക്കാണെങ്കിലും പിന്നീട് നെടുമ്പാശ്ശേരിയിലേക്ക് റീടെന്‍ഡര്‍ വിളിച്ചിരുന്നു.
കരിപ്പൂരില്‍ നിന്ന് ഒരു വിമാന കമ്പനിയും ടെന്‍ഡര്‍ നല്‍കാത്ത സാഹചര്യത്തിലാണ് അന്ന് നെടുമ്പാശ്ശേരിയിലേക്ക് റീടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ വിമാന കമ്പനികള്‍ ഈ വര്‍ഷം ഹജ്ജ് സര്‍വിസിന് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും സിവില്‍ എവിയേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
കരിപ്പൂരില്‍ 2015 മെയ് മുതലാണ് റീകാര്‍പ്പറ്റിങിനായി പകല്‍ 12 മുതല്‍ രാത്രി ഏട്ട് വരെ റണ്‍വേ അടച്ചിട്ട് പ്രവൃത്തികള്‍ തുടങ്ങിയത്. ഇത് പൂര്‍ത്തീകരിച്ച് റണ്‍വേ പ്രാപ്തമാണെന്നുളള റിപ്പോര്‍ട്ട് സമയത്തിന് അധികൃതര്‍ക്ക് ലഭ്യമായിരുന്നില്ല. ഇതിനാലാണ് മുന്‍വര്‍ഷങ്ങളെപ്പോലെ നെടുമ്പാശ്ശേരിയെ തിരഞ്ഞെടുത്തത്. കരിപ്പൂരിന് വരും വര്‍ഷം ഹജ്ജ് സര്‍വിസ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇനിയുള്ളത്.
വിമാന സര്‍വിസുകള്‍ നെടുമ്പാശ്ശേരിയില്‍ നിന്നാകുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപും നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. കഴിഞ്ഞ രണ്ടുവര്‍ഷത്തെയുംപോലെ നെടുമ്പാശ്ശേരിയില്‍ സിയാലിന്റെ സഹകരണത്തോടെ നടത്താനായിരിക്കും ഹജ്ജ് കമ്മിറ്റിയുടെ ശ്രമം. കരിപ്പൂരിനേക്കാള്‍ റണ്‍വേ നീളം കുറഞ്ഞ വിമാനത്താവളങ്ങള്‍ക്ക് ഹജ്ജിന് അനുമതി നല്‍കിയപ്പോള്‍ കരിപ്പൂരിനെ തഴഞ്ഞത് വന്‍ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്. കേരളത്തില്‍ നിന്ന് ഈ വര്‍ഷം 10820 പേര്‍ക്ക് നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ 8895 പേരും മലബാറില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."