സഭയില്‍ പ്രതിപക്ഷ പ്രതിഷേധം, ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടാരാജും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സ്ത്രീസുരക്ഷയും ക്രമസമാധാന തകര്‍ച്ചയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന്, പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഗുണ്ടാ ആക്രമണവും കൊലപാതകവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും വര്‍ധിച്ചുവരികയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. എട്ടുമാസത്തിനിടെ 1.75 ലക്ഷം കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 3,200 കേസുകളും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരിലുള്ളതാണ്. ഗുണ്ടകളെ പൊലിസ് സംരക്ഷിക്കുകയാണ്. അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടുന്നതിന് പ്രതികള്‍ക്ക് കോടതിയില്‍ കീഴടങ്ങാന്‍ പൊലിസ് അവസരമൊരുക്കുന്നു. ജിഷ്ണു പ്രണോയി മരിക്കാനിടയായ കേസിലെ പ്രതികളെ പിടികൂടിയിട്ടില്ല. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐക്കാരുടെ സദാചാര ഗുണ്ടായിസത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ദേശീയ വനിതാകമ്മിഷനെ സമീപിക്കേണ്ട സ്ഥിതിയാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
ഗുണ്ടാമാഫിയകള്‍ക്കെതിരേ സര്‍ക്കാര്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് അടിയന്തരപ്രമേയ നോട്ടിസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ അലംഭാവമോ വിട്ടുവീഴ്ചയോ ഉണ്ടാവില്ല. ഗുണ്ടാപ്രവര്‍ത്തനത്തിന്റെ പേരില്‍ അടിയന്തര സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ല. ചില സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗുണ്ട, ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് എസ്.പിമാരുടെ നേതൃത്വത്തില്‍ ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പുതുതായി 60 പേരെ ഉള്‍പ്പെടുത്തി റൗഡി പട്ടിക വിപുലീകരിച്ചു. കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു.
കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നെന്ന തോന്നലാണ് ജനങ്ങള്‍ക്കിപ്പോഴുള്ളതെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍ വാക്കൗട്ട് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."