പലിശരഹിത വരുമാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പണം തട്ടാനായി 24 സ്ഥാപനങ്ങള്‍; നൗഹീറ ശൈഖിന്റെ കളികളൊന്നും ചെറുതല്ല
കോഴിക്കോട്: പലിശരഹിത വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആത്മീയതയുടെ മറവില്‍ കോടികള്‍ തട്ടിയ ഹൈദരാബാദുകാരി നൗഹീറ ശൈഖ് വിഹരിച്ചത് 24 കമ്പനികള്‍ സ്ഥാപിച്ച്. ഇന്ത്യയിലും ഗള്‍ഫിലും വലിയ ബന്ധങ്ങളുണ്ടാക്കുകയും വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത നൗഹീറ കേരളത്തില്‍ നിന്നു മാത്രം 500 കോടിയോളം രൂപയാണ് തട്ടിയെടുത്തത്.
കോഴിക്കോട് ഇടിയങ്ങരയിലാണ് കമ്പനിയുടെ ഓഫിസ് തുറന്നത്. സ്വര്‍ണക്കട്ടകളും സ്വര്‍ണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീര ഗോള്‍ഡ് എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്ട്‌സ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഒരു ദശകത്തിനിടയില്‍ വിശ്വാസ്യത നേടിയ കമ്പനി വ്യാപകമായാണ് നിക്ഷേപകരില്‍ നിന്ന് ധനസമാഹരണം നടത്തിയത്. വിവിധ രാജ്യങ്ങളില്‍ ഓഫിസുകളും തുറന്നു. ലക്ഷം രൂപക്ക് 3,000 രൂപക്കു മുകളിലായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നുമാസം കൂടുമ്പോള്‍ ലാഭവിഹിതം വിതരണം ചെയ്യുമെന്നും പറഞ്ഞു. ഹീര ഗോള്‍ഡ്, ഹീര ജ്വല്ലേഴ്‌സ്, ഹീര ടെക്സ്റ്റയില്‍സ്, ഹീര ഡെവലപ്പേഴ്‌സ്, ഫാന്‍സി വേള്‍ഡ്, ഹീര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഇസ്‌ലാമിക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഇന്റര്‍നാഷനല്‍ ദഅ്‌വ സെന്റര്‍ തുടങ്ങി 24 സ്ഥാപനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ ഹീര ഗ്രൂപ്പിനു കീഴിലുള്ളത്. മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ നരേന്ദ്ര മോദിക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇവര്‍ പത്ര പരസ്യവും നല്‍കിയിരുന്നു.
പലിശ രഹിത സംരംഭമായതിനാല്‍ മുസ്‌ലിംകളില്‍ നിന്ന് മാത്രമാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. മുതല്‍ മുടക്കാന്‍ ശേഷിയുള്ള സ്ത്രീകളെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ലാഭവിഹിതം പ്രതീക്ഷിച്ചവരെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്. പലര്‍ക്കും തുടക്കത്തില്‍ ലാഭവിഹിതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസത്തോടെ ഇതില്ലാതായി. മറ്റുസംസ്ഥാനങ്ങളിലും കമ്പനി സി.ഇ.ഒയെ പ്രതിചേര്‍ത്ത് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹൈദരാബാദ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ നൗഹീറ ശൈഖ് അവിടെ ജയിലിലാണിപ്പോള്‍.
ഹീര ഗ്രൂപ്പിന് 500 കോടിയിലേറെ ആസ്തിയുണ്ടെന്നും കമ്പനി പൊളിഞ്ഞതുകൊണ്ടല്ല ലാഭവിഹിതം ലഭിക്കാതായതെന്നും സി.ഇ.ഒ നൗഹീറ ശൈഖ് ജയിലിലായതാണ് പ്രതിസന്ധിയിലാക്കിയതെന്നും ചില നിക്ഷേപകര്‍ തന്നെ പറയുന്നുണ്ട്. കമ്പനിയില്‍ തലശ്ശേരി സ്വദേശി 70 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി 30 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. ഇവര്‍ പൊലിസില്‍ പരാതിയുമായി വന്നതോടെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. കോഴിക്കോട് ചെമ്മങ്ങാട് പൊലിസാണ് കമ്പനി സി.ഇ.ഒയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടിയങ്ങരയിലുള്ള കമ്പനി ഓഫിസ് പൊലിസ് പൂട്ടി സീല്‍ ചെയ്തിരുന്നു.
കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി മുസ്‌ലിം മഹിളാ ആന്ദോളന്‍ ഉണ്ടാക്കി മുസ്‌ലിം വോട്ട് വിഘടിപ്പിക്കാന്‍ നോക്കിയതും ഇവര്‍ തന്നെ. മുസ്‌ലിം വനിതാ ശാക്തീകരണത്തിന് വേണ്ടിയെന്നു പറഞ്ഞു രൂപീകരിച്ച പാര്‍ട്ടിക്ക് വേണ്ടി മത്സരിച്ചത് 70 ശതമാനവും ബി.ജെ.പിയുടെ മുസ്‌ലിം മഞ്ചിലടക്കം പ്രവര്‍ത്തിച്ച പുരുഷന്മാരുമായിരുന്നു. ബി.ജെ.പിക്കു വേണ്ടിയാണ് നൗഹീറ ശൈഖ് പാര്‍ട്ടിയുണ്ടാക്കിയതെന്നും മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കലായിരുന്നു ലക്ഷ്യമെന്നും മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് ട്വിറ്ററിലൂടെ തുറന്നടിച്ചിരുന്നു.
എച്ച് ന്യൂസ് എന്ന പേരില്‍ പുതിയ മാധ്യമ സംരംഭവും ഇവര്‍ തുടങ്ങാനിരിക്കുകയായിരുന്നു. നിരവധി പേരെ ഇതിന്റെ പേരില്‍ തൊഴില്‍ ചൂഷണം നടത്തുകയും ചെയ്തിട്ടുണ്ട് നൗഹീറ. ബംഗളൂരുവിലെ വന്‍ ഗുണ്ടാകാവലുള്ള ഇവരുടെ താവളങ്ങളില്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷന്‍ റിപ്പോര്‍ട്ട് മുന്‍പ് 'ദ വയര്‍' പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."