പ്രളയത്തില്‍ തകര്‍ന്ന പുറമ്പോക്കിലെ വീടുകള്‍ക്കും സര്‍ക്കാര്‍ സഹായം
#ബാസിത് ഹസന്‍
തൊടുപുഴ: പ്രളയത്തില്‍ തകര്‍ന്ന പുറമ്പോക്ക് ഭൂമിയിലെ വീടുകള്‍ക്കും സര്‍ക്കാര്‍ സഹായം. പുറമ്പോക്കില്‍ താമസിച്ചിരുന്നവരും പ്രളയക്കെടുതിയുടെ ഭാഗമായി വീടുകള്‍ക്ക് നാശം സംഭവിച്ചവരുമായവര്‍ക്ക് ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് ദുരിതാശ്വാസ സഹായം നല്‍കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കണമെന്നില്ലെന്ന് ദുരന്ത നിവാരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ ജില്ലകളില്‍ പുറമ്പോക്കുകളിലെ ഭാഗികമായി തകര്‍ന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍മാര്‍ സര്‍ക്കാരിനോട് വ്യക്തത തേടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറക്കിയത്.
അര്‍ഹരായ ദുരന്തബാധിതരുടെ എല്ലാ കാറ്റഗറിയിലും പുറമ്പോക്കുനിവാസികളെയും ഉള്‍പ്പെടുത്തണം. ഇത്തരം പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കാവുന്നതാണെങ്കില്‍ എത്രയും പെട്ടെന്നു പതിച്ചു നല്‍കണം. പുറമ്പോക്ക് ഭൂമിയില്‍ വസിക്കുന്ന, ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കു പുതിയതായി വീട് ലഭിക്കുന്ന മുറയ്ക്കു ഇപ്പോള്‍ ഇവര്‍ വസിക്കുന്ന പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് റവന്യൂ വകുപ്പ് സംരക്ഷിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നിലവില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്ത, പുറമ്പോക്കിലെ ദുരിതബാധികരെ പ്രത്യേക പട്ടിക തയാറാക്കി ജില്ലാ കലക്ടര്‍ ഇടപെട്ട് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നു 2,59,614 വീടുകള്‍ തകര്‍ന്നിരുന്നു. ഇതില്‍ 13,311 വീടുകള്‍ പൂര്‍ണമായും 2,46,303 വീടുകള്‍ ഭാഗികമായും തകര്‍ന്നു. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ഇവിടെ 89,273 വീടുകള്‍ തകര്‍ന്നു. ആലപ്പുഴയില്‍ 61,723 വീടുകളും തൃശൂരില്‍ 24,750 വീടുകളും കോട്ടയത്ത് 18,403 വീടുകളും പത്തനംതിട്ടയില്‍ 17,872 വീടുകളും തകര്‍ന്നു. പൂര്‍ണമായും വീടു തകര്‍ന്നവരില്‍ 6,546 പേര്‍ക്കു മാത്രമേ ഇതുവരെ ആദ്യഗഡു സഹായം വിതരണം ചെയ്തിട്ടുള്ളൂ. വീടുതകര്‍ന്നതില്‍ 8,881 കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ സ്വയം പുനര്‍നിര്‍മിക്കാന്‍ തയാറായിട്ടുണ്ട്. കെയര്‍ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് 2000 വീടുകള്‍ നിര്‍മിച്ചു നല്‍കും. നാല് ലക്ഷം രൂപ എന്ന നിലയിലാണ് ഒരു വീടിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. ബാക്കിയുള്ള വീടുകള്‍ നിര്‍മിക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."