പുനഃസംഘടന തെരഞ്ഞെടുപ്പിന് ശേഷം മതി; തീരുമാനം ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചയില്‍
ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് പുനഃസംഘടന പൊതുതെരഞ്ഞെടുപ്പിന് ശേഷം നടത്തിയാല്‍ മതിയെന്ന് ഇന്നലെ ഹൈക്കമാന്‍ഡുമായി കെ.പി.സി.സി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി വിവിധ സമിതികള്‍ക്ക് രൂപം നല്‍കാനും ധാരണയായി. വിദേശപര്യടനം കഴിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഡല്‍ഹിയിലെത്തിയ ഉടന്‍ സമിതികള്‍ പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന ഉണ്ടായാല്‍ അതു ഗ്രൂപ്പ് പോര് രൂക്ഷമാക്കുമെന്ന് നേതാക്കള്‍ വിലയിരുത്തി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെയും ബാധിക്കും. ഈ സാഹചര്യത്തില്‍ ആദ്യം തെരഞ്ഞെടുപ്പിന് ഒരുങ്ങാനും ഇതിന് ശേഷം പുനഃസംഘടന നടത്താനുമാണ് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായത്.
ഫെബ്രുവരി 20ന് മുന്‍പ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണം, ഏകോപനം, സ്ഥാനാര്‍ഥി, നിര്‍ണയം, മാധ്യമ സെല്‍ തുടങ്ങിയ കമ്മിറ്റികള്‍ രൂപീകരിക്കും. സമിതികളിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ കെ.പി.സി.സിക്കു നിര്‍ദേശം നല്‍കി.
തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങുന്നതിന്റെ ഭാഗമായുള്ള ഈ നിര്‍ദേശം സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.സംഘടനാ ചുമതലയുള്ളവര്‍ മത്സരിക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും അദ്ദേഹം യോഗശേഷം മാധ്യമങ്ങളോടു പറഞ്ഞു.
മുല്ലപ്പള്ളിയെക്കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എന്നിവരാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ചര്‍ച്ച നടത്തിയത്. കേരള ഹൗസില്‍ മൂന്ന് നേതാക്കളും പ്രത്യേകം ചര്‍ച്ച നടത്തിയ ശേഷമായിരുന്നു മുകുള്‍ വാസ്‌നിക്കിനെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."