കഴിഞ്ഞ വര്‍ഷം റവന്യൂ വരുമാനത്തില്‍ വര്‍ധന
തിരുവനന്തപുരം:2015-16 സാ മ്പത്തിക വര്‍ഷം റവന്യൂ വരുമാനത്തില്‍ ഗണ്യമായ വര്‍ധന. ഈ കാലയളവില്‍11,082 രൂപയുടെ വര്‍ധനയുണ്ടായതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.19 ശതമാനമാണ് വര്‍ധന. 69,033 കോടിയാണ് മൊത്തം വരുമാനം.
50 ശതമാനത്തിലധികം (6,178 കോടി) കേന്ദ്ര നികുതി വിഹിതവും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവുമാണ്. 2014- 15ല്‍ 18 ശതമാനമായിരുന്നു വര്‍ധന. തനതു നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,763 കോടി വര്‍ധിച്ചെങ്കിലും വളര്‍ച്ചാ നിരക്ക് (11 ശതമാനം) മൊത്തം റവന്യൂ വരുമാനത്തേക്കാള്‍ കുറവാണ്.
ജി.എസ്.ഡി.പി വളര്‍ച്ചാ നിരക്കുമായി (13 ശതമാനം) തട്ടിച്ചുനോക്കിയാലും ഇത് കുറവാണ്. സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുള്ള വരവിലെ വര്‍ധന കാരണം നികുതിയേതര വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സമ്മാനങ്ങള്‍,ഏജന്റ് കമ്മിഷന്‍ തുടങ്ങിയവയിലെ ഉയര്‍ന്ന ചെലവ് കാരണം സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുള്ള അറ്റാദായത്തില്‍ കുറവുസംഭവിച്ചിട്ടുമുണ്ട്.
2015-16 കാലയളവില്‍ റവന്യൂ കമ്മിയില്‍ കുറവുമുണ്ടായി.9,657 കോടിയാണ് റവന്യൂകമ്മി. തൊട്ടു മുന്‍പുള്ള വര്‍ഷം ഇത്13,796 ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ധനക്കമ്മിയിലും കുറവുണ്ടായി. ധനക്കമ്മി ഈ കാലയളവില്‍17,818 കോടിയാണ്. തൊട്ടു മുന്‍പുള്ള വര്‍ഷം ഇത്18,642 കോടിയായിരുന്നു. 2015-16ല്‍ റവന്യൂചെലവ് മുന്‍ വര്‍ഷത്തേക്കാള്‍ 9.7ശതമാനം വര്‍ധിച്ചിട്ടുണ്ട്. റവന്യൂ ചെലവിന്റെ വളര്‍ച്ചാനിരക്ക് മുന്‍ വര്‍ഷത്തേപ്പോലെ 17.5 ശതമാനം തന്നെയായിരുന്നു.
ഇത് പദ്ധതിയേതര ചെലവിനേക്കാള്‍(8.4 ശതമാനം)ഉയര്‍ന്നതാണ്. ശമ്പളവും വേതനവും നല്‍കലിന്റെ വളര്‍ച്ചാനിരക്ക് 10 ശതമാനത്തില്‍ താഴെയാണ്.
മൊത്തം ചെലവില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പങ്ക് പൊതുവിഭാഗത്തിലുള്ള സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. എന്നാല്‍ വികസന ചെലവ്, സാമൂഹിക മേഖലയിലെ ചെലവ്, മൂലധന ചെലവ് എന്നിവയിലെ പങ്ക് പൊതുവിഭാഗത്തിലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്.
ഓഹരി മൂലധന നിക്ഷേപം,സര്‍ക്കാര്‍ കമ്പനികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വായ്പകളും മുന്‍കൂറുകളും നല്‍കല്‍ തുടങ്ങിയ ചെലവുകളില്‍ നിന്നുള്ള വരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മെച്ചപ്പെടാതെ തുടരുകയായിരുന്നു.
ഈ കാലയളവില്‍ മൊത്തം ബജറ്റ് വകയിരുത്തല്‍ 1,18,890.79 കോടിയായിരുന്നു. എന്നാല്‍ ചെലവ് 94,377.17 കോടിയും. ബജറ്റ് വകയിരുത്തലിന്റെ 21 ശതമാനം (24,513.62 കോടി) കുറച്ചാണ് ഉപയോഗിക്കപ്പെട്ടത്.
നോട്ട് നിരോധനം: കേന്ദ്രത്തോട് നഷ്ടപരിഹാരം ആവശ്യപ്പെടും
തിരുവനന്തപുരം:നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഓരോ മേഖലയിലും ഉണ്ടായ അന്തിമ കണക്ക് ലഭ്യമാകുന്ന മുറയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു.
2016 ഡിസംബര്‍12 വരെയുള്ള താല്‍കാലിക കണക്കുകള്‍ പ്രകാരം നവംബറില്‍ എക്‌സൈസ് നികുതി വളര്‍ച്ച 3.15 ശതമാനം കുറവുവന്നു. ഡിസംബറിലെ റജിസ്‌ട്രേഷന്‍ നികുതിയില്‍ 34.63 ഇടിവുണ്ടായി. ഒക്ടോബറില്‍19.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ തനത് നികുതി വരുമാനം ഡിസംബറില്‍ 2.35 ശതമാനമായി കുറഞ്ഞു.
വളര്‍ച്ചാ നിരക്കിലെ കുറവ് 17.45 ശതമാനമാണ്. ഡിസംബറില്‍ വില്‍പന നികുതിയില്‍17.43 ശതമാനത്തിന്റേയും രജിസ്‌ട്രേഷന്‍ നികുതിയില്‍ 26.40 ശതമാനത്തിന്റേയും വാഹനനികുതിയില്‍ 11.44 ശതമാനത്തിന്റെയും ആകെ തനതുവരുമാനത്തില്‍16.33 ശതമാനത്തിന്റെയും കുറവുണ്ടായി.
നോട്ട് അസാധുവാക്കലിന്റെ ഫലമായി സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റുകളെയും ബാധിക്കും.
പല പദ്ധതികളും പാതി വഴിയില്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. അത് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ ഇ പേയ്‌മെന്റ് സംവിധാനം നടപ്പാക്കി വരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.
അസാധു നോട്ട് മാറ്റിവാങ്ങാനായി ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ കൊല്ലം, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ ഒരാള്‍ വീതം മരണപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് സഹായം നല്‍കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."