വെല്ലുവിളികളെ നേരിട്ട ബജറ്റ്
സമകാലിക ഇന്ത്യന്‍ സാമ്പത്തിക സാഹചര്യങ്ങളില്‍ ഒരു ബജറ്റ് അവതരിപ്പിക്കുന്നത് നിരവധി വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണ്. ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന പ്രതികൂലമായ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കേരളം ഇക്കാര്യത്തില്‍ കുറേക്കൂടി ദുഷ്‌കരമായ സാമ്പത്തിക സ്ഥിതിയാണ് നേരിടുന്നത്.
റവന്യൂ വരുമാനത്തിലെ ചോര്‍ച്ചയും ചെലവുകളിലെ വര്‍ധനയുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ വരുമാനവും ചെലവും തമ്മില്‍ കൂട്ടിമുട്ടാതിരിക്കുകയും അവ തമ്മിലുള്ള വിടവ് അഞ്ചു ശതമാനത്തിനു മുകളിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ട് കേരളത്തിന്റെ പൊതുകടം ഇപ്പോള്‍ രണ്ട് ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തിയിരിക്കുന്നു. ഈയൊരവസ്ഥയില്‍നിന്ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതാണ് വെല്ലുവിളി നിറഞ്ഞതാകുന്നത്.
എന്നാല്‍ അക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസകിന് വലിയൊരളവ് വരെ വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന് പുതിയ ബജറ്റ് വ്യക്തമാക്കുന്നു. വിഭവസമാഹരണത്തിന് കിഫ്ബിയെയാണ് കൂടുതലായി ആശ്രയിക്കുന്നതെങ്കിലും സമ്പത്ത് പുനരുദ്പാദിപ്പിക്കാന്‍ കഴിയുന്ന മേഖലകളിലേക്ക് വിഭവങ്ങള്‍ വീതം വയ്ക്കാന്‍ ബജറ്റിന് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം 20,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി വഴി റൂട്ട് ചെയ്യുമ്പോള്‍ അത് തൊഴില്‍ ഉയര്‍ത്തുന്നതിനും വിപണികളെ കൂടുതല്‍ ചലനാത്മകമാക്കുന്നതിനും സഹായകമാകും.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കാവുന്ന ഒരു തന്ത്രവും ഇതാണ്. ഇത്തരത്തില്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ 1200 കോടി രൂപയുടെ പുതിയ ധനാഗമ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഇതില്‍ ചില നിര്‍ദേശങ്ങള്‍ പൊതുവേ അസ്വീകാര്യമാണെന്ന് വിലയിരുത്തേണ്ടതായി വരും. ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്നതും വസ്തുസംബന്ധമായ ക്രയവിക്രയങ്ങളുടെ വിവിധ തരത്തിലുള്ള ഫീസുകള്‍ ഉയര്‍ത്തിയതുമായ നടപടികള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ വര്‍ധന ഒഴിവാക്കേണ്ടതു തന്നെയായിരുന്നു. ഒപ്പം വാഹനങ്ങളുടെ നികുതി ഒന്നു മുതല്‍ രണ്ടു ശതമാനം വരെ കൂട്ടിയത് മാര്‍ക്കറ്റില്‍ വിപരീത ഫലങ്ങള്‍ ഉളവാക്കും. മാന്ദ്യകാലഘട്ടത്തില്‍ പുതിയൊരു നികുതി നിര്‍ദേശവും സഹിക്കാന്‍ കഴിയുന്ന ഒരവസ്ഥയിലല്ല പൊതുസമൂഹം.
ഒടുവില്‍ മാന്ദ്യം മറികടക്കുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്നതാണ് ഇതിനെ ക്രിയാത്മകമാക്കുന്നത്. അതോടൊപ്പം സാമൂഹ്യക്ഷേമ പദ്ധതികളുടെ കാര്യത്തിലും പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമപെന്‍ഷന്‍ 100 രൂപ കൂട്ടിയ നടപടി ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. വിദ്യാഭ്യാസത്തിലും വലിയൊരടങ്കല്‍ ബജറ്റ് നീക്കി വച്ചിട്ടുണ്ട്. റവന്യൂ കമ്മി 1.55 ശതമാനത്തിലേക്ക് താഴുമെന്ന് കണക്കാക്കുന്ന ബജറ്റ് ധനക്കമ്മി നിയന്ത്രിച്ച് മൂന്ന് ശതമാനത്തില്‍ ഒതുക്കാനാകുമെന്ന പ്രതീക്ഷ വച്ച് പുലര്‍ത്തുന്നു.പ്രതികൂല സാമ്പത്തിക ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ ബജറ്റ് ശ്രദ്ധേയമായ ഒന്നാണ് .മാന്ദ്യം മറികടക്കുന്നതിനും കേരളത്തെ വികസനപാതയില്‍ തിരികെ കൊണ്ടു വരുന്നതിനും ബജറ്റ് ഏറെ സഹായകമായ ഒന്നാണെന്ന് വിലയിരുത്താന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."