മഹല്ലുകളും സമസ്തയും തമ്മിലുള്ള ബന്ധം ചികയുന്നവരോട്
മഹല്ലുകള്‍ ഇസ്‌ലാമിന്റെ ഭാഗമാണ്. മഹല്ല് സംവിധാനം ഇസ്‌ലാമിന്റെ കൂടപ്പിറപ്പാണ്. മുഹമ്മദ് (സ്വ) മദീനയില്‍ എത്തിയപ്പോള്‍ ആദ്യമായുണ്ടാക്കിയത് പള്ളിയാണ്. താമസിക്കാന്‍ വീടോ മറ്റോ ഉണ്ടാക്കിയോ എന്നത് പ്രസക്തമല്ല. പള്ളിയാണ് പ്രസക്തം. മഹല്ലിന്റെ ആസ്ഥാനമാണ് പള്ളി. ഒരു ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് ജീവിക്കുന്ന മുസ്്‌ലിംകളുടെ കൂട്ടായ്മയെയാണ് മഹല്ല് കൊണ്ട് അര്‍ഥമാക്കുന്നത്. വിവിധങ്ങളായ ആരാധനകളും ആചാരാനുഷ്ഠാനങ്ങളും നിര്‍വഹിക്കപ്പെടാന്‍ ഈ സംവിധാനം ഉണ്ടായേ പറ്റൂ. ജുമുഅ, ജമാഅത്ത്, നിക്കാഹ്, മരണശേഷ ക്രിയകള്‍, മതപഠനം, ദഅ്‌വ, ഖളാഅ് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ക്ക് ഈ കൂട്ടായ്മ കൂടിയേ പറ്റൂ. ഈ വക കാര്യങ്ങള്‍ തന്നെയാണല്ലോ ഇസ്‌ലാം. അപ്പോള്‍ മഹല്ലും ഇസ്‌ലാമും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിക്കുന്നത് നിരര്‍ഥകമാണ്.
നബി (സ്വ) യുടെ കാലത്ത് തന്നെ ഇസ്്‌ലാം കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് ചരിത്രകാരന്‍മാരില്‍ പ്രബലര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നബിയും സ്വഹാബിമാരും പരിചയപ്പെടുത്തിയ ഇസ്‌ലാമാണ് ഇവിടെ കടന്നുവന്ന ഇസ്‌ലാം.
ഈ ആശയത്തിന് വിരുദ്ധമായി ഒരുകാര്യവും ദീനില്‍ ഇവിടെ ഉണ്ടായിരുന്നില്ല. 1921 ന് ശേഷമാണ് കേരളക്കരയില്‍ മുസ്്‌ലിംകള്‍ക്ക് പരിചയമില്ലാതിരുന്ന പുതിയ ചില ആശയങ്ങളുമായി ചിലയാളുകള്‍ കടന്നുവന്നത്. അവര്‍ സംഘടനയുണ്ടാക്കിയാണ് പ്രവര്‍ത്തിച്ചത്. ഇതിനെ പ്രതിരോധിക്കാനും പരിശുദ്ധ ഇസ്‌ലാമിനെത്തന്നെ മഹല്ലുകളില്‍ നിലനിര്‍ത്താനും വേണ്ടി അന്നത്തെ ശുദ്ധാത്മാക്കളായ പണ്ഡിതന്‍മാര്‍ സംഘടിച്ചുപ്രവര്‍ത്തിക്കാന്‍ തയാറായതിന്റെ ഫലമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
സമുദായത്തിനകത്ത് ഭിന്നത വിതച്ച എല്ലാ പുത്തന്‍ പ്രസ്ഥാനക്കാരെയും ശരീഅത്ത് വിരുദ്ധരെയും മഹല്ലുകളില്‍നിന്നു തുരത്തി ദീനിന്റെ യഥാര്‍ഥ രൂപം നിലനിര്‍ത്താന്‍ വേണ്ടി ഇന്നും മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്. അഹ്്‌ലുസ്സുന്നത്തിവല്‍ജമാഅയുടെ വിശ്വാസാദര്‍ശം നിലനിര്‍ത്തുന്നതിനു വേണ്ടി പള്ളി, മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങള്‍ സമസ്തയാണ് നിയന്ത്രിച്ചും നടത്തിയും വരുന്നത്. മഹല്ല് നിവാസികളുടെ ഇസ്്‌ലാം സമസ്ത പഠിപ്പിച്ചതാണ്. അതിനാല്‍ സമസ്ത പറയുന്നതിനപ്പുറം അവര്‍ പോകില്ല. ഇക്കാര്യം സാധാരണക്കാര്‍ക്കിടയിലും സുപരിചിതമാണ്. ഇതില്‍ പുറന്തള്ളപ്പെടുന്നവര്‍ക്കും മഹല്ലുകളില്‍ ശൈഥില്യം വിതയ്ക്കല്‍ തൊഴിലാക്കിയവര്‍ക്കും സമസ്ത പടുത്തുയര്‍ത്തിയ മഹല്ല് സംവിധാനത്തില്‍ വെറിയുണ്ടാവുക സ്വാഭാവികം.
സമസ്തയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി ത്യാഗം സഹിച്ച മഹാന്‍മാരില്‍പെട്ടയാളായിരുന്നു മര്‍ഹൂം സദഖത്തുല്ലാ മുസ്്‌ലിയാര്‍. മഹല്ലുകളിലും പള്ളി, മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങളിലും അന്നും സമസ്തയുടെ ആഴത്തിലുള്ള സാന്നിധ്യത്തെ ആധാരമാക്കിയാണ് സമസ്ത പ്രവര്‍ത്തിച്ചിരുന്നത്. അക്കാര്യത്തില്‍ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. മസ്അല പരമായ അഭിപ്രായ വ്യത്യാസത്തില്‍ അദ്ദേഹം പിന്നീട് സമസ്തയില്‍ നിന്നു മാറിനിന്നെങ്കിലും മഹല്ല് സംവിധാനത്തെ എതിര്‍ക്കാന്‍ മുതിര്‍ന്നിരുന്നില്ല.
എന്നാല്‍, അദ്ദേഹത്തിന്റെ പിന്‍മുറക്കാരനെന്ന് അവകാശപ്പെടുന്ന ഒരു മൗലവിയുടെ ജല്‍പനങ്ങളാണ് ഈ കുറിപ്പിന് കാരണം. അദ്ദേഹം പറയുന്ന വിരോധാഭാസങ്ങളില്‍ ചിലത് മാത്രം കുറിക്കുന്നു. ''മഹല്ല് എല്ലാവരുടേതുമാണ്. സമസ്തയ്ക്ക് മഹല്ലില്‍ ഒരു അധികാരവുമില്ല.'' ഏത് മഹല്ലിനെക്കുറിച്ചാണ് ടിയാന്‍ പറഞ്ഞത്? മഹല്ല് ജമാഅത്ത് രൂപപ്പെടുന്നത് നേരത്തേ വിശദീകരിച്ചു. പള്ളിയും മദ്‌റസയും ഒക്കെ ഇവിടെ ഉണ്ടാക്കി നടത്തിവരുന്നത് സമസ്തയുടെ ആദര്‍ശമുള്‍ക്കൊള്ളുന്ന മുസ്്‌ലിം ജമാഅത്താണ്. ഇതര ആദര്‍ശക്കാര്‍ക്ക് അതില്‍ പങ്കില്ല. വഖ്ഫുകളിലെ നിശ്ചയവും അങ്ങനെയാണ്. വാഖിഫിന്റെ നിശ്ചയമാണ് വഖ്ഫ് സ്വത്തുക്കളില്‍ നടപ്പാക്കേണ്ടത്. അതിന് വിരുദ്ധമായത് ശറഇല്‍ പരിഗണനീയമല്ല.
നാട്ടില്‍ മുളച്ചുണ്ടാകുന്ന എല്ലാ കൂട്ടര്‍ക്കും പിന്നെങ്ങനെയാണ് അതില്‍ പങ്കുണ്ടാവുന്നത്. സമസ്ത വിരുദ്ധരായ കാന്തപുരം സുന്നി, സംസ്ഥാന, ജമാഅത്തെ ഇസ്്‌ലാമി, മുജാഹിദ് പക്ഷം എല്ലാവരും പുറത്താണ്. അവയ്ക്ക് വേറെ മഹല്ലോ പള്ളിയോ മദ്‌റസയോ ഉണ്ടാക്കുന്നതിന് സമസ്ത എതിരല്ല.
സമസ്തയുടെ മഹല്ലിലും സ്ഥാപനങ്ങളിലും കടന്നുകൂടി ആനുകൂല്യങ്ങള്‍ മുഴുവന്‍ പറ്റുകയും സമസ്തയെ തിരിഞ്ഞുകുത്തുകയും ചെയ്യുന്ന കപടന്‍മാരെ വേര്‍തിരിക്കാന്‍ തന്നെയാണ് സമസ്ത 'മുഅല്ലിം സര്‍വിസ് ബുക്ക്' പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. അതില്‍ അന്നം മുട്ടിയവരാണ് മഹല്ല് പൊളിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്. മഹല്ല് പൊളിക്കാന്‍ കാലങ്ങളായി ശ്രമിക്കുന്നവരെ അതിനായി ഒപ്പം കൂട്ടിയെന്ന് മാത്രം.
ശമീര്‍, കാരന്തൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."