ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഊന്നല്‍ വേണം
ബജറ്റുകളിലെ വന്‍ പ്രഖ്യാപനം വലിയ പ്രതീക്ഷകളോടെയാണ് പൊതുജനവും വിവിധ മേഖലകളും കാണുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകുന്നുണ്ടോയെന്നത് സംബന്ധിച്ച കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നതാണ് സത്യം. വിവിധ വകുപ്പുകള്‍ക്കും പദ്ധതികള്‍ക്കും മറ്റുമായി അനുവദിക്കുന്ന സഹസ്രകോടികളും ആവശ്യമായ നിര്‍ദേശങ്ങളും താഴേത്തട്ട് വരെ നടപ്പാക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ഓഡിറ്റിംഗ് ആവശ്യമാണ്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വകുപ്പുകളും പദ്ധതികളും ഉണ്ടെങ്കിലും അങ്ങനെയല്ലാത്ത വികസനം താഴേത്തട്ടിലെത്തിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംവിധാനങ്ങളും ഉണ്ടെന്നത് വ്യക്തമാണ്.
അതുകൊണ്ട് ബജറ്റ് നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നത് സര്‍ക്കാര്‍ വ്യക്തമായി പരിശോധിച്ചു ഉറപ്പുവരുത്തണം. പലപ്പോഴും വിവിധ പദ്ധതികള്‍ക്കായി മാറ്റിവെക്കുന്ന തുക വിനിയോഗിക്കാതെ ലാപ്‌സായി പോകുന്നതായാണ് കണ്ടുവരുന്നത്. കേന്ദ്ര പദ്ധതികളുടെ വിഹിതം പോലും നടപ്പാക്കുന്നതിലെ വീഴ്ച മൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നുണ്ട്.
സംസ്ഥാനം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടു കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തിലുള്ള ബജറ്റ് തയാറാക്കാന്‍ ധനമന്ത്രി ഡോ.തോമസ് ഐസകിന് കഴിഞ്ഞിരിക്കുന്നു. റവന്യൂ കമ്മി മൂന്ന് ശതമാനത്തിന് മുകളിലേക്ക് പോകാതെ പിടിച്ചു നിര്‍ത്താനായെന്നത് നേട്ടമാണ്.
വരവിനേക്കാള്‍ ചെലവ് ഏറുകയെന്ന സ്ഥിതിയാണ് കേരളം എപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്ന വലിയ പ്രശ്‌നം. നിയമനങ്ങള്‍ നിയന്ത്രിച്ചതും ജീവനക്കാരുടെ എണ്ണം കുറക്കാനുമുള്ള നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഇതിനു മുന്‍പ് ഒരു സര്‍ക്കാരും ഇത്തരമൊരു ധീരമായ ചുവടുവയ്പ് നടത്താന്‍ തയാറായിട്ടില്ല. കംപ്യൂട്ടര്‍വല്‍ക്കരണമുള്‍പ്പെടെ വ്യാപകമായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ അധിക തസ്തികകള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിന്യസിക്കുന്നതും നല്ലതാണ്. വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിലൂടെ വികസനത്തിന്റെ ഗുണങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകും.
അടിസ്ഥാന സൗകര്യവികസനത്തിനായി ബജറ്റില്‍ വലിയ പ്രാധാന്യം കൊടുത്തത് പ്രതീക്ഷാജനകമാണ്. റോഡ് വികസനത്തിനും പുനരുദ്ധാരണത്തിനുമൊക്കെ സഹസ്രകോടികള്‍ തന്നെ അനുവദിച്ചത് നാടിന്റെ വലിയതോതിലുള്ള മുന്നേറ്റത്തിന് വഴിവക്കും. കോസ്റ്റല്‍ മാരിടൈം പദ്ധതിയും ഉള്‍നാടന്‍ ജലപാത പദ്ധതിയുടെ പൂര്‍ത്തീകരണവും വ്യവസായലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ബേക്കല്‍ മുതല്‍ കോവളം വരെയുള്ള നിര്‍ദ്ദിഷ്ട ഉള്‍നാടന്‍ ജലപാത ചരക്കു നീക്കത്തിന് ഏറെ പ്രയോജനപ്പെടുമെന്ന് ഉറപ്പാണ്. ഇതോടനുബന്ധിച്ച ഉള്‍നാടന്‍ തുറമുഖങ്ങളുടെയും അവയോടൊപ്പം ചെറുനഗരങ്ങളുടെയും വികസനം കൂടിയാകും സാധ്യമാകുക. പാതയുടെ പൂര്‍ത്തീകരണത്തിനുള്ള പ്രധാന തടസങ്ങള്‍ ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നടപടികളുണ്ടാകേണ്ടിയിരിക്കുന്നു. ഉള്‍നാടന്‍ ജലാശയങ്ങളിലെ മല്‍സ്യസമ്പത്തിനുള്‍പ്പെടെ ആവാസ വ്യവസ്ഥക്ക് ദോഷമുണ്ടാക്കാത്ത തരത്തിലുള്ള ജലഗതാഗത സംവിധാനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഈടില്ലാതെയും പലിശരഹിതവുമായ വായ്പ നല്‍കുമെന്ന നിര്‍ദേശം നല്ലതാണെങ്കിലും ഇതു പ്രായോഗിക തലത്തില്‍ എങ്ങനെ കൊണ്ടുവരുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. പുതിയ സംരംഭങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളുടെ ഇടപടെലുകള്‍ ആദ്യ മൂന്നു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കുന്നത് നല്ലതായിരിക്കും.
ക്ലിയറന്‍സ് കിട്ടുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കിയെങ്കിലും വിവിധ വകുപ്പുകള്‍ സംരംഭത്തിന്റെ പ്രാരംഭദിശയില്‍ തന്നെ പരിശോധനകളുമായി വരുന്നത് നിരുല്‍സാഹപ്പെടുത്തുന്നതിന് തുല്യമാണ്. പി.എഫ് വിഹിതത്തിലെ ആനുകൂല്യത്തെക്കാള്‍ നവസംരംഭകര്‍ക്ക് ആവശ്യമായത് വ്യവസായവുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ പിന്‍തുണയും പ്രോല്‍സാഹനവുമാണ്. ഇത്തവണത്തെ ബജറ്റിലെങ്കിലും ഇത്തരമൊരു നിര്‍ദേശമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി ബജറ്റില്‍ പ്രത്യേകമായി നിര്‍ദേശങ്ങളില്ലാത്തത് പ്രധാന ന്യൂനതയാണ്. സംസ്ഥാനത്ത് വന്‍ പ്രതിസന്ധി നേരിടുന്ന ഈ മേഖലയ്ക്ക് തുണയാകേണ്ട തരത്തിലുള്ള നിര്‍ദേശങ്ങളുണ്ടാകുമെന്ന് വ്യവസായ മേഖല പ്രതീക്ഷിച്ചിരുന്നു.
കൊച്ചിയുടെ വികസനത്തിന് വേണ്ടി 6000 കോടിയും ജില്ലകള്‍ക്ക് പ്രത്യേകമായ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചതും നല്ലതു തന്നെയാണ്.
തോട്ടം മേഖലക്കായുള്ള പ്രത്യേക ഡയറക്ടറേറ്റ് കൊണ്ടുവരുന്നതും നല്ല നിര്‍ദേശമാണ്. പ്രളയ കാലത്ത് സംഘടനകളായും സ്ഥാപനങ്ങളായും വ്യക്തിപരമായും ദുരിതബാധിതര്‍ക്ക് നിര്‍ലോഭമായി സഹായമെത്തിക്കുകയും നാടിനൊപ്പം നില്‍ക്കുകയും ചെയ്ത വാണിജ്യ-വ്യവസായ രംഗത്തുള്ളവരെ സെസിലൂടെ പിഴിഞ്ഞത് ബജറ്റിലൂടെ ഒഴിവാക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."