ജവാന്മാര്‍ മരിക്കുമ്പോള്‍ ഇടതുപക്ഷം ആഘോഷിക്കുന്നുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ജവാന്മാര്‍ മരിക്കുമ്പോള്‍ ഇടതുപക്ഷം ആഘോഷിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജ്ജു. 1962ലെ ഇന്‍ഡോ-ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായപ്പോള്‍ ഇടതുപക്ഷം ഇത് ആഘോഷിക്കുകയായിരുന്നു.
ഡല്‍ഹി ലേഡി ശ്രീരാം കോളജ് വിദ്യാര്‍ഥിനിയും കാര്‍ഗില്‍ രക്ത സാക്ഷിയുടെ മകളുമായ ഗുര്‍മെഹര്‍ കൗര്‍ എ.ബി.വി.പിക്കെതിരായ സമരത്തില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്ന ഉടനെയാണ് കേന്ദ്രമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
എ.ബി.വി.പിക്കെതിരായി ഗുര്‍മെഹര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് അവര്‍ തന്റെ നിലപാട് മയപ്പെടുത്തി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചത്. എന്നാല്‍ ഈ വിദ്യാര്‍ഥിനി ഇത്തരമൊരു നിലപാട് സ്വീകരിക്കാനിടയായതിന് പിന്നില്‍ ഇടതുപക്ഷമാണെന്നും അവര്‍ വിദ്യാര്‍ഥിനിയുടെ മനസിനെ മലീമസമാക്കുകയാണ് ചെയ്തതെന്നും മന്ത്രി ആരോപിച്ചു. സൈനികരുടെ രക്തസാക്ഷിത്വത്തില്‍ ഇടതുപക്ഷം ആഘോഷിക്കുകയാണ്. അതാണ് രക്തസാക്ഷിയുടെ മകളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിനായി അവര്‍ ശ്രമിച്ചത്.
രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ആര്‍ക്കും ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. തന്റെ മകള്‍ ചിലരുടെ കൈകളില്‍ വീണ് വഴിതെറ്റിപോയെന്ന് ഓര്‍ത്ത് രക്തസാക്ഷിയായ ജവാന്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാകുമെന്നും കിരണ്‍ റിജിജ്ജു ആരോപിച്ചു. ഡല്‍ഹി ഒരുതരത്തിലും ഭയപ്പെടാനുള്ള പട്ടണമല്ല, ഇവിടെ ഒരുതരത്തിലുള്ള പേടിയും ഗുര്‍മെഹറിന് വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."