ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു
ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തിപ്പെടുന്നു. സംഘപരിവാര്‍ ഭീഷണിക്കും അക്രമത്തിനുമെതിരേ ആസാദി മുദ്രാവാക്യങ്ങളുമായി ആയിരത്തിലേറെ വിദ്യാര്‍ഥികളാണ് ഇന്നലെ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ തെരുവിലിറങ്ങിയത്. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള രാംജാസ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയ എ.ബി.വി.പിക്കെതിരേ ഉയര്‍ന്ന പ്രതിഷേധമാണ് വലിയ വിദ്യാര്‍ഥി പ്രക്ഷോഭമായി പരിണമിച്ചത്.
കഴിഞ്ഞവര്‍ഷം ഇതേസമയത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി ജെ.എന്‍.യു വിദ്യാര്‍ഥികളായ കനയ്യകുമാറിനെയും ഉമര്‍ഖാലിദിനെയും അറസ്റ്റ്‌ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതുപോലുള്ള സാഹചര്യമാണ് ഇപ്പോള്‍ ഡല്‍ഹിയിലെ കാംപസുകളിലുള്ളത്. ഉമര്‍ഖാലിദിനെ ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന എ.ബി.വി.പിയുടെ നടപടിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം.
ഇന്നലെ ഡല്‍ഹി, ജാമിഅ മില്ലിയ്യ, ജെ.എന്‍.യു സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കാംപസുകളിലും ജന്തര്‍മന്ദിറിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ വിദ്യാര്‍ഥികളും അധ്യാപകരും വിവിധ രാഷ്ട്രീയ സാമൂഹികപ്രവര്‍ത്തകരും പങ്കെടുത്തു. എ.ബി.വി.പിയുടെ ഗുണ്ടായിസത്തില്‍ നിന്നും ആസാദി വേണം, എ.ബി.വി.പി ഗോ ബാക്ക് തുടങ്ങിയ പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തിപ്പിടിച്ചു. ശനിയാഴ്ച എ.ബി.വി.പിക്കെതിരേ വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നുണ്ട്.
ഇന്ത്യക്കാരാണ് എന്നതല്ലാതെ ആരാണ് ഹിന്ദുക്കള്‍ എന്നതല്ല നമ്മുടെ ദേശീയത നിര്‍ണയിക്കുന്നതെന്ന് സമരക്കാരെ അഭിസംബോധനചെയ്തു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വലതോ ഇടതോ എന്നതല്ല ശരിയോ തെറ്റോ എന്നതാണ് ഇവിടെ പ്രശ്‌നം. ഉത്തര്‍പ്രദേശില്‍ ആസൂത്രിതമായി നടപ്പാക്കിയ വര്‍ഗീയ ധ്രുവീകരണമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘപരിവാര്‍ പരീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്റെ ഭാവിയെ ബാധിക്കും. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും യെച്ചൂരി ഉറപ്പുനല്‍കി. ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ പോരാട്ടമാണ് ഈ സമരമെന്നു സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു.
രാംജാസ് കോളേജിലെ സംഘര്‍ഷവും ഗുര്‍മെഹര്‍ കൗറിനു നേര്‍ക്കുയര്‍ന്ന ഭീഷണിയും ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരിയും വ്യക്തമാക്കി. ദേശീയത പഠിക്കേണ്ടത് ഭഗത് സിംഗില്‍ നിന്നാണെന്നും അല്ലാതെ ഒരിക്കല്‍ പോലും ദേശീയ പതാക തങ്ങളുടെ കാര്യാലയത്തില്‍ ഉയര്‍ത്തിയിട്ടില്ലാത്ത ആര്‍.എസ്.എസില്‍ നിന്നല്ലെന്നും സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ജെ.ഡി.യു നേതാവ് കെ.സി ത്യാഗി, എ.എ.പി നേതാക്കള്‍, കനയ്യ കുമാര്‍, ഷെഹ്‌ല റാഷിദ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."