ഏക സിവില്‍കോഡ്: ബില്ലുമായി ബി.ജെ.പി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് ശക്തമായ പ്രക്ഷോഭം നടക്കുന്നതിനിടയില്‍ ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കവുമായി ബി.ജെ.പി. രാജ്യവ്യാപകമായി ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി അംഗമായ ഡോ. കിരോലിലാല്‍ മീണയാണ് ഇന്നലെ സഭയില്‍ സ്വകാര്യ ബില്‍ അവതരണത്തിന് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ പ്രതിഷേധം ഭയന്ന് രാജ്യസഭയില്‍ ബില്ലവതരണത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങി.
രാജ്യത്തെ മതനിരപേക്ഷ സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഈ ബില്ല് സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. കോണ്‍ഗ്രസിലെ ചില എംപിമാരും ഡി.എം.കെ, എം.ഡി.എം.കെ, ആര്‍.ജെ.ഡി തുടങ്ങിയ കക്ഷികളും ഇതിനെ പിന്തുണച്ചു മുന്നോട്ടുവന്നു. എളമരം കരീം, തിരുച്ചി ശിവ, വൈക്കോ എന്നീ എം.പിമാര്‍ ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഭാധ്യക്ഷനും സെക്രട്ടറി ജനറലിനും രാവിലെതന്നെ കത്ത് നല്‍കിയിരുന്നു.
12 സ്വകാര്യ ബില്ലുകളായിരുന്നു ഇന്നലെ അവതരണത്തിനുണ്ടായിരുന്നത്. ഏഴാമത്തേതായിരുന്നു ഏകസിവില്‍ കോഡിനായി കമ്മിറ്റി രൂപീകരണത്തിന് വ്യവസ്ഥ ചെയ്യുന്ന ബില്‍. ഇത് അവതരിപ്പിക്കാനായി ബി.ജെ.പി അംഗം ഡോ. കിരോലിലാല്‍ മീണയെ വിളിച്ചപ്പോള്‍ ഇദ്ദേഹം സീറ്റിലുണ്ടായിരുന്നില്ല. അവതരണത്തിനായി അംഗം സീറ്റിലില്ലെങ്കില്‍ ബില്‍ അസാധുവാകുമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഏട്ടാമത്തെ ബില്ലും ഇദ്ദേഹം തന്നെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. രാജസ്ഥാന് പ്രത്യേക സാമ്പത്തിക സഹായം വേണമെന്ന് ആവശ്യപ്പെടുന്ന ഈ ബില്‍ അവതരിപ്പിക്കാന്‍ കിരോലിലാല്‍ മീണ കൃത്യസമയത്ത് സീറ്റിലെത്തുകയും ചെയ്തിരുന്നു.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം കത്തിനില്‍ക്കുന്ന സമയത്ത് ഏകസിവില്‍ കോഡുമായി മുന്നോട്ടുപോകുന്നത് സഭയിലും പുറത്തും വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നതിനാല്‍ ബില്‍ അവതരണത്തില്‍ നിന്ന് ബി.ജെ.പി മനഃപൂര്‍വം പിന്‍വാങ്ങുകയായിരുന്നുവെന്ന് എളമരം കരീം എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."