ബജറ്റ്; പ്രക്ഷോഭകാലത്തെ പ്രതിരോധച്ചിത്രം
തിരുവനന്തപുരം: ഗാന്ധിവധം മുഖച്ചിത്രമാക്കിയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രക്ഷോഭകാലത്തെ പ്രതിരോധച്ചിത്രമായി സംസ്ഥാന ബജറ്റ്.
രാജ്യത്ത് പടര്‍ന്നുപിടിച്ച ഭയാശങ്കകളും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയില്‍ മുഖാമുഖം നില്‍ക്കുകയാണ്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന കേന്ദ്രഭരണാധികാരികള്‍, അക്രമവും ഹിംസയുമാണ് കര്‍മം എന്നു വിശ്വസിക്കുന്ന അണികള്‍, വര്‍ഗീയവല്‍ക്കരണത്തിനു പൂര്‍ണമായി കീഴ്‌പ്പെട്ട ഭരണസംവിധാനം ഇതാണ് ഇന്നത്തെ ഇന്ത്യയെന്ന് ധനമന്ത്രി പറഞ്ഞു. ചിത്രകാരന്‍ ടോം വട്ടക്കുഴിയുടെ ഗാന്ധിഹിംസ എന്ന ചിത്രമാണ് കവര്‍ ചിത്രമായി ഉള്‍പ്പെടുത്തിയത്. പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പടര്‍ത്തുന്ന ആശങ്ക വാക്കുകള്‍ക്കതീതമാണ്. കുഞ്ഞുങ്ങളുടെ ഭാവനയെ പോലും ഭയം ഗ്രസിച്ചുകഴിഞ്ഞു. തെറ്റിവരച്ച വീട് കുട്ടി റബര്‍ കൊണ്ട് മായ്ച്ചു കളയുന്ന ലാഘവത്തില്‍ ഭരണാധികാരികള്‍ പ്രജകളുടെ പൗരത്വം മായ്ച്ചു കളയുകയാണ്.
ഈ ഭീഷണിയെ വകവെച്ചുകൊടുക്കാനാവില്ല. പ്രക്ഷോഭ രംഗത്ത് കേരളത്തില്‍ രൂപപ്പെട്ട ഒരുമ രാജ്യം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ഒരുമയുടെ പുതിയ മാതൃക കേരളം സൃഷ്ടിക്കണം.
സ്വാതന്ത്യത്തിന്റെ സ്വര്‍ഗത്തിലേക്ക് ഇന്ത്യക്കാരെ വിളിച്ചുണര്‍ത്തണേ എന്ന ടാഗോറിന്റെ വരികള്‍ ഉദ്ധരിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിനു വേണ്ടി പ്രക്ഷോഭ രംഗത്ത് നിലയുറപ്പിച്ച പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടാണ് മന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."