നാലകത്ത് ബഷീര്‍ രാജിവച്ചില്ലെങ്കില്‍ പുതിയ സംഘടന: ടോം ജോസഫ്
കൊച്ചി: സംസ്ഥാന വോളിബോള്‍ അസോസിയേഷനും ടോം ജോസഫുമായുള്ള പോര് പുതിയ തലത്തിലേക്ക്. അസോസിയേഷന് സെക്രട്ടറി നാലകത്ത് ബഷീര്‍ രാജിവച്ചില്ലെങ്കില്‍ വോളിബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അനുവാദത്തോട് കൂടി പുതിയ സംഘടന രൂപീകരിക്കുമെന്ന് ടോം ജോസഫ് വ്യക്തമാക്കി.
മുന്‍ താരങ്ങളായ എസ്.എ മധു, ആര് രാജീവ്, എന്‍.സി ചാക്കോ, രാജ് വിനോദ് എന്നിവര്‍ സംഘടനയുടെ ഭാഗമാകും. നേരത്തെ അസോസിയേഷനെതിരേ നടപടി ആവശ്യപ്പെട്ട് ടോം മുഖ്യമന്ത്രിക്കും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.
അതിനു മുന്‍പ് അസോസിയേഷനെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന് ടോമിനെ ഭാരവാഹികള്‍ വിമര്‍ശിച്ചിരുന്നു. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമില്‍ നിന്നുണ്ടായതെന്നും പറഞ്ഞിരുന്നു. ടോമിന്റെ പരാമര്‍ശത്തിന് കാരണം കാണിക്കല്‍ നോട്ടിസ് അസോസിയേഷന് നല്‍കിയിരുന്നു. എന്നാല്‍ ആര്‍ക്കും വിശദീകരണം നല്കാന് തയ്യാറല്ലെന്നായിരുന്നു ടോമിന്റെ പ്രതികരണം.
മുന്‍ താരങ്ങള്‍ വോളിബോളിനായി യാതൊരു സംഭാവനയും നല്‍കുന്നില്ലെന്നും അര്‍ജുന അവാര്‍ഡ് നേടിയ താരങ്ങളെല്ലാം അസോസിയേഷന്റെ കാലുനക്കിയാണ് പുരസ്കാരം സ്വന്തമാക്കിയതെന്നും നേരത്തെ നാലകത്ത് ബഷീര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ഇതാണ് പുതിയ സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കിയത്. ഈ പോസ്റ്റിനെ തുടര്‍ന്ന് മുന്‍ താരങ്ങളെല്ലാം അദ്ദേഹത്തിനെതിരേ രംഗത്തുവരികയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."